കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകാംഗവും എംസിബിഎസ് സഭാംഗവുമായ റവ. ഫാ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ താഴത്തേൽ (84 വയസ്സ്) നിത്യതയിലേക്ക് യാത്രയായി.
54 വർഷത്തെ പൗരോഹിത്യ ശുശ്രൂഷ ജീവിതത്തിന് തിരശ്ശീല വീണു. കടുവാക്കുളം ലിറ്റിൽ ഫ്ലവർ എംസിബിഎസ് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടന്ന മൃതസംസ്കാര ശുശ്രൂഷയുടെ പ്രാരംഭ കർമ്മങ്ങൾക്ക് എംസിബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസഫ് ചൊവ്വേലിക്കുടിയിൽ കാർമികത്വം വഹിച്ചു.
തുടർന്ന് മൃതദേഹം കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിലേക്ക് സംവഹിക്കപ്പെട്ടു. ദേവാലയത്തിൽ വച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് എംസിബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ അഗസ്റ്റിൻ പായിക്കാട്ട് നേതൃത്വം നൽകി. റവ. ഫാ. ജോസഫ് മഠത്തിക്കണ്ടം അനുസ്മരണ പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പെരുന്തോട്ടം മൃതസംസ്കാര ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ചു. നല്ല ആധ്യാത്മിക ചൈതന്യവും ശാന്ത ഗുണസ്വഭാവവും സമന്വയിപ്പിച്ച വ്യക്തിയാണ് ഫാ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ താഴത്തേൽ.
എല്ലാവരോടും സഹാനുഭൂതിയും കാരുണ്യവും പ്രകടിപ്പിച്ച വ്യക്തി. നിശബ്ദമായ പ്രാർത്ഥനയിൽ ഉത്തരം കണ്ടെത്തിയ വ്യക്തിയാണ് പൂവത്തുങ്കൽ അച്ഛൻ എന്ന് മാർ ജോസഫ് പെരുന്തോട്ടം അനുസ്മരണ പ്രസംഗ മദ്ധ്യേ അഭിപ്രായപ്പെട്ടു. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അനുശോചന പ്രസംഗം സുപ്പീരിയർ ഫാ. തോമസ് പുല്ലാട്ട് വായിച്ചു. 1938 മെയ് 13-ാം തീയതിയാണ് ദേവസ്യാച്ചൻ ജനിച്ചത്.
കടനാട് ഹൈസ്കൂൾ പഠനത്തിനുശേഷം ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേർന്ന് സെമിനാരി പഠനം ആരംഭിച്ചു. ആലുവ കർമൽഗിരി, മംഗലപ്പുഴ എന്നീ സെമിനാരികളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 1967 ഡിസംബർ 16 ന് അഭിവന്ദ്യ കർദിനാൾ പാറേക്കാട്ടിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. വിവിധ സ്ഥലങ്ങളിലെ ശുശ്രൂഷയ്ക്ക് ശേഷം 2007 മുതൽ കാലടി ദിവ്യകാരുണ്യ ആശ്രമത്തിലാണ് അച്ഛൻ സേവനം ചെയ്തു കൊണ്ടിരുന്നത്.
ശാരീരിക രോഗവും വേദനകളും അവസാന നാളുകളിൽ അച്ഛനെ അലട്ടിയിരുന്നു. 2023 ഏപ്രിൽ 8 ശനിയാഴ്ച രാത്രി 11 മണിക്ക് അച്ഛന്റെ ആത്മാവ് നിത്യതയിലേക്ക് പറന്നുയര്‍ന്നു. 2023 ഏപ്രിൽ 12-ാം തീയതി ചങ്ങനാശ്ശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ കാർമികത്വത്തിൽ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ കടുവാക്കുളം ലിറ്റിൽ ഫ്ലവർ ദേവാലയ സിമിത്തേരിയിൽ സംസ്കരിച്ചു.
ധാരാളം വൈദികരും സന്യസ്ഥരും അല്മായ സഹോദരങ്ങളും മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു. തോമസ് ചാഴികാടൻ എം പി, മുൻ എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സലോമി തുടങ്ങി വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു. കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ കാവുംകണ്ടം ഇടവകാംഗങ്ങൾ മൃതസംസ്കാര ശുശ്രൂഷ ചടങ്ങിൽ പങ്കെടുത്തു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.