രാമപുരം പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022ൽ ഭരണസമിതിയുടെ പിടിപ്പുകേടുമൂലം തുക ചെലവാക്കാതെ പാഴാക്കി കളഞ്ഞുവെന്നുള്ള ആരോപണങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഒരു വിശദീകരണക്കുറിപ്പുമായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ.
പഞ്ചായത്തിന്റെ വാർഷികപദ്ധതിയുടെ തുക ചെലവാക്കാതെ പാഴാക്കി കളഞ്ഞു എന്നും അതിന് പഞ്ചായത്ത് ഭരണസമിതിയെ കുറ്റപ്പെടുത്തിയും ചില രാഷ്ട്രീയതല്പരരകക്ഷികൾ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണങ്ങൾ നടത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു വിശദീകരണകുറിപ്പ്. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി എന്തോ വലിയ തെറ്റ് സംഭവിച്ചിരിക്കുന്നു എന്ന രീതിയിൽ ചരിത്രം മറച്ചുപിടിച്ച് ചിലർ മലർന്നു കിടന്നു തുപ്പുന്നത് കാണുമ്പോൾ ഇതെല്ലാം വർഷങ്ങളായി നേരിട്ട് കണ്ടു ബോധ്യമുള്ളവർക്ക് ചിരിയാണ് വരിക.
2021-2022 വാർഷിക പദ്ധതിയുടെ നടത്തിപ്പിൽ കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ അവസാന ക്രമത്തിലാണ് രാമപുരം ഗ്രാമപഞ്ചായത്തെന്നും ഫണ്ട് ലാപ്സായെന്നും പ്രചരിപ്പിച്ച് ആത്മനിർവൃതിയടയുന്ന വികസന പ്രേമികൾക്ക് കഴിഞ്ഞകാലങ്ങളിൽ പഞ്ചായത്തുഭരണ സമയത്ത് നഷ്ടപ്പെടുത്തിയ കോടിക്കണക്കിന് രൂപയുടെ കണക്ക് പറഞ്ഞ് മറുപടി കണ്ടെത്തുന്നതായി കരുതേണ്ട. എങ്കിലും 2019-2020 വർഷത്തിൽ മാത്രം രാമപുരം ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഗ്രാൻഡ് തുകയിൽ ചെലവഴിക്കാൻ സാധിക്കാതെ 1,59,68,897 ( ഒരുകോടി അമ്പത്തിയൊമ്പത് ലക്ഷത്തിഅറുപത്തിഎണ്ണായിരത്തി എണ്ണൂറ്റിതൊണ്ണൂറ്റിയേഴ് ) രൂപ പാഴാക്കി കളഞ്ഞതിന്റെ രേഖ 2019 -2020ലെ ഓഡിറ്റ് റിപ്പോർട്ട് കോപ്പി പഞ്ചായത്തിൽ അന്വേഷിച്ചാൽ ലഭിക്കും. ആ സമയത്ത് രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ആരാണെന്നു കൂടി അന്വേഷിക്കുക. റോഡും കെട്ടിടങ്ങളും സംരക്ഷിക്കുന്ന ഇനത്തിൽ മാത്രം അന്ന് നഷ്ടപ്പെട്ടത് 93,79,355 (തൊണ്ണൂറ്റിമൂന്നുലക്ഷത്തിഎഴുപതിയൊൻപതിനായിരത്തി മുന്നൂറ്റി അൻപത്തി യഞ്ച് ) രൂപയാണ്. എന്നാൽ ഇന്ന് ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ല എന്നിരിക്കെ ഇനിയും നഷ്ടപ്പെടാൻ സാഹചര്യമില്ലാതിരിക്കെ ഇല്ലാത്ത നഷ്ടം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതിന്റെ രാഷ്ട്രീയലക്ഷ്യം തൽക്കാലം മനസ്സിൽ വെച്ചാൽ മതി.
റോഡ് വിഭാഗത്തിൽ 95.18 ശതമാനവും പൊതുവിഭാഗത്തിൽ 87.73 ശതമാനവും പട്ടികജാതി മേഖലയിൽ 91.30 ശതമാനവും ഫണ്ട് വിനിയോഗം നടന്നിട്ടുണ്ട്. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡിലും നോൺ റോഡ് വിഭാഗത്തിലും പണിപൂർത്തിയാക്കിയ ചില ബില്ലുകൾ ഓൺലൈൻ നെറ്റ് പ്രശ്നത്തിന്റെ കാരണത്താൽ മാർച്ച് 30ന് മുമ്പ് എൻട്രി ചെയ്യാൻ കഴിയാത്തതും, സർക്കാരിന്റെ ചില വകുപ്പുകളുടെ പിടിപ്പുകേടുകൊണ്ട് ചില പണികളുടെ ടെൻഡർ നടപടികൾ താമസിച്ചതും, പ്രത്യേക മേഖലകൾക്ക് നിർബന്ധിതമായി മാറ്റി വെക്കേണ്ട ചില വർക്കുകൾക്ക് കരാറുകാർ ഇല്ലാത്തതുമായ പ്രശ്നം പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടല്ല. അത് തികച്ചും സാങ്കേതികപ്രശ്നവും പഞ്ചായത്തിന് യാതൊന്നും ചെയ്യുവാൻ കഴിയാത്തതുമാണ്.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ചെലവഴിക്കുന്നതിന് താമസം വന്നതിന്റെ പേരിൽ പഞ്ചായത്തിന് പ്രസ്തുത ഫണ്ട് പാഴായി പോവുകയില്ല. നാളിതുവരെ കേന്ദ്രഫണ്ട് തിരിച്ചുപിടിച്ച ചരിത്രവുമില്ല. ഫണ്ട് പാഴായി പോകുമായിരുന്ന മേഖലകളിൽ 90 ശതമാനത്തിനു മുകളിൽ പണി പൂർത്തീകരിച്ച് ബില്ല് മാറിയിട്ടുള്ളതാണ്. ഇതെല്ലാം മറച്ചുപിടിച്ച് പദ്ധതി നടത്തിപ്പിലെ സാങ്കേതികത്വം സാധാരണക്കാരന് അറിയില്ലെന്ന കുശാഗ്രബുദ്ധിയിൽ നിന്നുദിച്ച ദുഷ്പ്രചരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ രാമപുരംനിവാസികൾ തള്ളിക്കളയും.
വലിയ അഴിമതിക്ക് സാധ്യതയുള്ള മേഖലകളിൽ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിന്തുണകൊടുത്ത് സാധാരണക്കാരന്റെ ഒരു ഫയലുകളും (നിയമപരമായ പ്രശ്നങ്ങളില്ലാത്ത) തടസ്സമില്ലാതെ സമയബന്ധിതമായ സേവനം പഞ്ചായത്ത് ഉറപ്പുവരുത്തി ജനകീയ ആവശ്യങ്ങൾക്ക് പരിഗണനയും പരിഹാരമുണ്ടാക്കി, പഞ്ചായത്തിനെ അഴിമതിരഹിതമായി നയിക്കുമ്പോൾ ജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയിലും അംഗീകാരത്തിലും ചിലർക്ക് അസൂയ തോന്നുക സ്വാഭാവികമാണ്. ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി കുറ്റപ്പെടുത്താൻ വിരൽചൂണ്ടുമ്പോൾ ഒരു വിരലിന് പകരം മൂന്ന് വിരലുകൾ നിങ്ങൾക്ക് നേരെ തിരിഞ്ഞു ചൂണ്ടപ്പെടുന്നുണ്ടെന്നുള്ളത് മറക്കരുത്. കോഴി കളവുപോയതിന്റെ തെളിവ് ആക്ഷേപകരുടെ തലയിൽ തന്നെ പപ്പു തപ്പി നോക്കേണ്ടതായി വരുമെന്ന് മറക്കേണ്ട. ഇപ്പോഴും തീരാത്ത വർക്കുകളും അതിന്റെ കരാറുകാരും ആരൊക്കെയെന്നും എന്തൊക്കെയെന്നും നാട്ടുകാർക്ക് അറിയാമെന്നത് ആക്ഷേപകർ അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. വികസനകാര്യത്തിൽ അതീവ ഉത്കണ്ഠകൊണ്ട് സിൽബന്ധികൾക്കു രേഖകൾ ചോർത്തിക്കൊടുത്ത് ഫേസ്ബുക്ക് പോസ്റ്റ് ചെയ്യിക്കുന്ന ചില മെമ്പർമാരുടെ ഗൂഢസ്മിതം ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നതോടൊപ്പം അത് മലർന്നുകിടന്ന് തുപ്പുകയാണെന്ന് കൂടി പറയട്ടെ.
ഒന്നരമാസത്തിനുള്ളിൽ മൂന്ന് സെക്രട്ടറിമാരെ സ്ഥലംമാറ്റി അനുഭവജ്ഞാനമുള്ള ജീവനക്കാരെ ഭരണകക്ഷിമുന്നണി ഭരിക്കുന്ന പഞ്ചായത്തുകൾ സ്വാധീനം ചെലുത്തി കൊണ്ടുപോയപ്പോൾ പഞ്ചായത്തിനു വേണ്ടി വേണമെങ്കിൽ ചെയ്യാമായിരുന്ന ഒരു ആത്മാർത്ഥതയും ഭരണപക്ഷമുന്നണി മെമ്പർമാർ പഞ്ചായത്തിനു വേണ്ടി ചെയ്തു കണ്ടില്ല. വർക്കുകളുടെ ടെൻഡർ ചിലത് താമസിച്ചതിന് കാരണം ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിന്റെ ഭാഗമായി സെക്രട്ടറിയുടെ ഡിജിറ്റൽ സിഗ്നേച്ചർ അംഗീകരിച്ചു വരുന്ന താമസം ആയിരുന്നില്ലേ..? അതിൽ പഞ്ചായത്തിന് എന്ത് ഉത്തരവാദിത്വമാണുള്ളത്? ഇപ്പോൾ കവിഞ്ഞൊഴുകുന്ന മുതലകണ്ണീരിന്റെ ആത്മാർത്ഥതയും വികസന രാഷ്ട്രീയത്തിന്റെ പേരിലുള്ള കള്ളപ്രചരണ ഗിരിപ്രഭാഷണങ്ങളും തിരിച്ചറിയാൻ രാമപുരത്തെ ജനങ്ങൾക്ക് സാധിക്കും എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.
» ഫേസ് ബുക്ക് പോസ്റ്റ് കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Also Read » രാമപുരം ഗ്രാമപഞ്ചായത്ത് മുൻ ആക്ടിംഗ് പ്രസിഡന്റ് ടോമി ഉണ്ടശ്ശാംപറമ്പിൽ (58) നിര്യാതനായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.