കുറവിലങ്ങാട്: ഉഴവൂർ ഡോ. കെ ആർ നാരായണൻ ഗവ. ആശുപത്രിയിൽ സ്പെഷ്യാലിറ്റി വിഭാഗം പ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.
മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ ജന്മനാട്ടിൽ സ്ഥാപിച്ചിട്ടുള്ള ഉഴവൂർ ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് അഡ്വ. മോൻസ് ജോസഫ് എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് മന്ത്രി വിശദാംശങ്ങൾ അറിയിച്ചത്.
ഉഴവൂർ ആശുപത്രിയിൽ രോഗികൾക്ക് സർജറി വിഭാഗം സേവനം കൂടി ലഭ്യമാക്കുന്നതിന് ഓപ്പറേഷൻ തീയ്യേറ്റർ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ ഉടനെ സ്വീകരിക്കും. ഇതിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 34,01,624 ലക്ഷം രൂപ ചെലവഴിച്ച് പ്രവർത്തി നടപ്പാക്കാനുള്ള അനുമതി സർക്കാർ നൽകിയതായി മന്ത്രി വ്യക്തമാക്കി. ഈ സ്ഥാപനത്തിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, അനസ്തേഷ്യ, എന്നീ വിഭാഗങ്ങളിൽ ജൂനിയർ കൺസൾട്ടന്റ് തസ്തിക അനുവദിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് ഡയറക്ടർ തസ്തിക മുതൽ വിവിധ വിഭാഗങ്ങളിലായി 97 തസ്തികകളാണ് ഉഴവൂർ ഗവ. ആശുപത്രിയിൽ അനുവദിച്ചിട്ടുള്ളതെന്ന് എം എൽ എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ഇതിൽ ഒഴിവായിക്കിടക്കുന്നത് 7 തസ്തികകൾ മാത്രമാണ്. ഇതുവരെ അനുവദിച്ചിട്ടുള്ള തസ്തികകളുടെ അനുബന്ധ പട്ടിക സർക്കാർ എം എൽ എക്ക് കൈമാറി.
13 -02-2006 തീയതിയിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവുപ്രകാരം ഉഴവൂർ ആശുപത്രിയിയെ ഡോ. കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയർത്തിയിട്ടുള്ളതാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഉഴവൂർ ആശുപത്രിയിൽ സ്പെഷ്യാലിറ്റി വിഭാഗത്തിന്റെ എല്ലാവിധ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാകുന്ന സാഹചര്യം ഉറപ്പു വരുത്തണമെന്നുള്ള ജനകീയ ആവശ്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മോൻസ് ജോസഫ് എം എൽ എ വ്യക്തമാക്കി.
2015 കാലഘട്ടത്തിൽ ആറു നിലയുള്ള കെട്ടിട സമുച്ചയം പൂർത്തീകരിക്കുകയും 2018 - 19 കാലഘട്ടത്തിൽ ആവശ്യമായ തസ്തികകൾ അനുവദിക്കുന്നത് പൂർത്തിയാക്കുകയും ചെയ്തെങ്കിലും കോവിഡ് ചികിത്സയ്ക്ക് ആശുപത്രി വിട്ടുകൊടുക്കേണ്ടി വന്നതുകൊണ്ടാണ് സ്പെഷ്യാലിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതെ നീട്ടി വയ്ക്കേണ്ടി വന്നതെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.
ഇപ്പോൾ സ്പെഷ്യാലിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള മുഴുവൻ കാര്യങ്ങളും നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുവേണ്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് ആരോഗ്യ-പൊതുമരാമത്ത് വകുപ്പുകളും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി കൂടിയാലോചിച്ച് രൂപരേഖ തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതുപ്രകാരം കൂടുതൽ തുക ആവശ്യമായി വന്നാൽ അതുകൂടി എം എൽ എ ഫണ്ടിൽനിന്ന് അനുവദിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് അറിയിച്ചു. ഉഴവൂർ കെ ആർ നാരായണൻ ഗവ. ആശുപത്രി പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും അടിയന്തര പരിഗണനയോടെ നടപ്പാക്കുമെന്ന് എം എൽ എ വ്യക്തമാക്കി.
Also Read » ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ; മന്ത്രി വീണാ ജോർജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.