വളഞ്ഞു പുളഞ്ഞുള്ള യാത്രയ്ക്ക് വിരാമം; ഏറ്റുമാനൂർ-എറണാകുളം റോഡിൽ നിവരുന്നത് 41 കൊടും വളവുകൾ; വളവ് നിവർത്തുവാൻ ഏറ്റെടുക്കുന്നത് 1.1859 ഹെക്ടർ ഭൂമി.

Avatar
M R Raju Ramapuram | 27-07-2023

3022-1690478731-images-94

കോട്ടയം: വാഹന യാത്രക്കാരുടെ ചിരകാല സ്വപ്നസാക്ഷാത്കാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏറ്റുമാനൂർ- എറണാകുളം റോഡിലെ കൊടും വളവുകൾ നിവർത്തുന്നതിനുള്ള നടപടികൾക്ക് പച്ചക്കൊടി. ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ഇറങ്ങി. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ഇതോടെ ജീവൻ വച്ചു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനം ജംഗ്ഷൻ മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുള്ള 41 കൊടുംവളവുകളാണ് ഈ പദ്ധതിയിലൂടെ നിവർത്തുന്നത്.

സുഗമവും സുരക്ഷിതവും അപകടരഹിതവുമായ റോഡ് യാത്രാ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇതിനായി 1.1859 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശത്തു നിന്നും ഏറ്റെടുത്ത് റോഡ് നിർമ്മാണത്തിനായി റവന്യൂ വകുപ്പ് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കൈമാറും. മീനച്ചിൽ താലൂക്കിലെ കാണക്കാരി വൈക്കം താലൂക്കിലെ മുട്ടുചിറ, കോതനല്ലൂർ, മാഞ്ഞൂർ, കടുത്തുരുത്തി, വടയാർ വില്ലേജുകളിൽ നിന്നായിട്ടാണ് ഭൂമി ഏറ്റെടുക്കുന്നത്.

ഇതിനായി കോട്ടയം ജില്ലാ കളക്ടർ പ്രാരംഭ വിജ്ഞാപനം 2013-ലെ ചട്ടപ്രകാരം പുറപ്പെടുവിച്ചു. ഇതോടൊപ്പം സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനരേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലാ ലാൻ്റ് അക്വിസിഷൻ (ജനറൽ) സ്പെഷ്യൽ തഹസിൽദാർക്കാണ് ഭൂമി ഏറ്റെടുക്കലിൻ്റെ ചുമതല നൽകിയിരിക്കുന്നത്. വാഹന ഗതാഗതം തിരക്കേറിയ ഏറ്റുമാനൂർ- തലയോലപ്പറമ്പ് റോഡ് കൊടുംവളവുകൾ നിറഞ്ഞതാണ്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ഏഴു മീറ്റർ ടാറിംഗ് വീതി മാത്രമാണുള്ളത്. ഈ റോഡിൽ അപകടങ്ങൾ ഉണ്ടാകാത്ത ദിവസങ്ങൾ ഇല്ല. കൂറ്റൻ ടെയ്ലറുകളും നീളം കൂടിയ കണ്ടെയ്നർ ലോറികളും മറ്റു വലിയ ചരക്കു വാഹനങ്ങളും നിര നിരയായി കടന്നു പോകുന്ന പാതയിൽ യാത്രാ വാഹനങ്ങൾക്ക് മറ്റു വാഹനങ്ങളെ മറികടക്കുക ഈ ഭാഗങ്ങളിൽ വളരെ ബുദ്ധിമുട്ടാണ്.

അപകടരഹിതമാകുംവിധം ഇരുനിര വാഹന ഗതാഗതം സുഗമമാക്കുന്നതിനായി റോഡ് വികസനത്തിന് നടപടി സ്വീകരിച്ച എൽഡിഎഫ് സർക്കാരിനെയും പൊതുമരാമത്ത് വകുപ്പ് അധികൃതരെയും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു. വാഹനയാത്രക്കാരുടെ വർഷങ്ങളുടെ ആവശ്യമാണ് നടപ്പാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ കടുത്തുരുത്തി ബൈപ്പാസിനും മോചനമാകും.

ഈ റോഡിൽ അപകടം ഉണ്ടായാലും, ഏതെങ്കിലും ജംഗ്ഷനുകളിൽ പ്രകടനമോ പൊതുയോഗമോ നടന്നാലും മണിക്കൂറുകൾ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. വളവുകൾ നിവർത്തുന്നതിനോടൊപ്പം ടാർ വീതി കുറഞ്ഞത് പത്ത് മീറ്റർ എങ്കിലും ആക്കിയാലേ സുഗമമായ യാത്ര സാദ്ധ്യമാകൂ എന്നും, റോഡ് വികസനം യാത്രാ സമയ ലാഭവും തടസ്സരഹിത വാഹനയാത്രയും സാദ്ധ്യമാക്കുമെന്ന് ജയ്സൺമാന്തോട്ടം പറഞ്ഞു.

വർഷങ്ങളായി മുടങ്ങിക്കിടന്ന റോഡ് നവീകരണ പദ്ധതി എൽഡിഎഫിൻ്റെ നിരന്തര ഇടപെടലിലാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് എൽഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം കൺവീനർ തോമസ് കീപ്പുറം പറഞ്ഞു. എറ്റെടുക്കുന്ന ഭൂമിക്ക് ഉയർന്ന നഷ്ട പരിഹാര പാക്കേജ് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.


Also Read » അമൃത് ഭാരത് പദ്ധതി , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 4.5 കോടി രൂപയുടെ വികസനം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.61 MB / ⏱️ 0.0009 seconds.