തിരുവല്ല: പതിറ്റാണ്ടുകൾ പലത് കഴിഞ്ഞിട്ടും തിരുവല്ല മേപ്രാൽ തണുങ്ങാട് ഭാഗത്തെ ചെമ്പ്ര കടവിൽ പാലം എത്തിയില്ല. അപ്പർ കുട്ടനാടൻ പ്രദേശമായ പെരിങ്ങര പഞ്ചായത്തിലെ മൂന്നാംവാർഡിൽ ഉൾപ്പെടുന്ന തണുങ്ങാട് ഭാഗത്തെ ചെമ്പ്ര കടവിൽ നാട്ടുകാർ നിർമിച്ച തടിപ്പാലം മാത്രമാണ് വിദ്യാർഥികളും കർഷകരും അടങ്ങുന്നവർക്ക് ഇന്നും ആശ്രയം.
ജീവൻ പണയപ്പെടുത്തിയാണ് കഴിഞ്ഞ 40 വർഷക്കാലമായി ജനങ്ങൾ ഈ തടിപ്പാലത്തിലൂടെ നടക്കുന്നത്. ഇതിനിടെ പലവട്ടം പാലം തകർന്ന് നിരവധിപേർ തോട്ടിൽ വീണിട്ടുണ്ട്. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ വേങ്ങലിൽനിന്ന് വേളൂർ മുണ്ടകത്തേക്കുള്ള വഴിയും മേപ്രാൽ – തണുങ്ങാട് റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ചന്ത തോടിന് കുറുകയാണ് പാലം വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
തടിപ്പാലം ബലക്ഷയത്തിലായതോടെ പ്രായാധിക്യം ഏറിയവരും വിദ്യാർഥികളും അടക്കം വലിയ യാത്രാ ദുരിതമാണ് അനുഭവിക്കുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഗ്രാമപഞ്ചായത്ത് അംഗം എം സി ഷൈജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ ജലസേചന വകുപ്പിന് നിവേദനം നൽകിയിരുന്നു. തുടർന്ന് പാലത്തിനുവേണ്ടി 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. എന്നാൽ, എസ്റ്റിമേറ്റ് തയാറാക്കലിൽ മാത്രമായി പദ്ധതി ചുരുങ്ങി.
ഇതോടെ ഇത്തവണ നടന്ന അദാലത്തിലും ഷൈജുവിന്റെ നേതൃത്വത്തിൽ പരാതിനൽകി. തുടർന്ന് വീണ്ടും എസ്റ്റിമേറ്റ് എടുത്തു. എസ്റ്റിമേറ്റ് തുക ഒരുകോടിയായി ഉയർന്നിട്ടും പാലം മാത്രം യാഥാർഥ്യമായില്ല. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന അദാലത്തിൽ പരാതി എത്തിയതോടെ തിരുവല്ല സബ് കലക്ടർ സഫ്ന നസ്റുദ്ദീൻ സ്ഥലം സന്ദർശിച്ചിരുന്നു. ഇത്തവണയെങ്കിലും തങ്ങളുടെ യാത്രദുരിതത്തിന് അറുതിവരും എന്ന വിശ്വാസത്തിലാണ് നാട്ടുകാർ.
Also Read » കളരിയാംമാക്കൽ കടവ് പാലം കടക്കണമെങ്കിൽ കടമ്പകൾ ഏറെ
Also Read » കളരിയാമ്മാക്കൽ പാലം നോക്കുകുത്തി; സമരവുമായി നാട്ടുകാർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.