തിരുവനന്തപുരം: നടന്‍ മമ്മൂട്ടിയുടെ ഇടപെടലില്‍ സീരിയല്‍ താരം കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താന്‍ സാധിച്ച സംഭവം വെളിപ്പെടുത്തി നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മനോജ്. സീരിയല്‍ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം ഷായ്ക്ക് ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് പറ്റിയ അവസ്ഥയിലായിരുന്നില്ല ഷായുടെ കുടുംബം. ഈ സാഹചര്യത്തിലായിരുന്നു മമ്മൂട്ടിയുടെ ഇടപെടല്‍.
ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷായ്ക്ക് ഒരു നെഞ്ചുവേദന വന്നു. തിരുവനന്തപുരത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത അദ്ദേഹത്തിന് ഹൃദയത്തില്‍ നാല് ബ്ലോക്കുണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്നുള്ള ശസ്ത്രക്രിയ നടത്താനുള്ള ചെലവ് നേരിടാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് സാധിക്കില്ല.
ഞങ്ങളുടെ സീരിയല്‍ കുടുംബത്തില്‍ അത് ചര്‍ച്ച ചെയ്തിരുന്നു. ഞങ്ങളുടെ സഹായംകൊണ്ട് ഒന്നുമാകില്ല എന്ന കണ്ടതോടെയാണ് ഷാജി തിരുമലയോടും കൂടി ചോദിച്ച് മമ്മൂക്കയെ വിവരമറിയിച്ചത്.
അങ്ങനെ ഷാ ഇക്കയുടെ ഫോട്ടോയും ബാക്കി വിവരങ്ങളും കൂടി ഞാന്‍ മമ്മൂക്കയ്ക്ക് അയച്ചു. ഷാ ഇക്കയുടെ അവസ്ഥ കഷ്ടമാണ് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന് വോയ്സ് അയച്ചു.
സാധാരണ എന്ത് മെസ്സേജ് അയച്ചാലും പ്രതികരിക്കാറുള്ള മമ്മൂക്ക ഈ മെസേജിന് പ്രതികരിച്ചില്ല. ജൂണ്‍ ഏഴാം തീയതി ആണ് ഞാന്‍ ആദ്യം മെസ്സേജ് അയച്ചത്. അദേഹത്തിന്റെ മറുപടി ഒന്നും കാണാത്തതുകൊണ്ട് 12-ാം തീയതി അദ്ദേഹത്തിന്, ”ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം മമ്മൂക്ക” എന്നുപറഞ്ഞ് ഒരു മെസ്സേജ് കൂടി അയച്ചു. അതിനും അദ്ദേഹം പ്രതികരിച്ചില്ല.
അങ്ങനെയിരിക്കെ ഷാജി എന്നോട് പറഞ്ഞു, തിരുവനന്തപുരത്തൊരു ആശുപത്രിയില്‍ ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന ഒരു പദ്ധതി ഉണ്ട്. അതില്‍ ഹൃദയ ശസ്ത്രക്രിയ ഫ്രീ ആയി ചെയ്യാന്‍ കഴിയും, മമ്മൂക്ക വിചാരിച്ചാല്‍ നടക്കും ഒന്നുകൂടി മനോജ് മമ്മൂക്കയോട് പറയുമോ എന്ന്. ഇനി ഞാന്‍ മമ്മൂക്കയെ ബുദ്ധിമുട്ടിക്കില്ലെന്ന് ഷാജിയോടു പറഞ്ഞു.
പക്ഷേ ജൂണ്‍ പതിനഞ്ചിന് 6.55 ആയപ്പോള്‍ എന്റെ ഫോണില്‍ മമ്മൂക്ക എന്ന് തെളിഞ്ഞു വന്നു. എന്റെ കയ്യും കാലും വിറച്ചുപോയി. ഞാന്‍ ഒന്നുകൂടി ഫോണിലേക്ക് നോക്കി, മമ്മൂക്ക തന്നെയാണോ. ഞാന്‍ കോള്‍ എടുത്തു. ”മനോജ് ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാന്‍ ആശുപത്രിയില്‍ വിളിച്ചു പറയാം, വേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്തു തരും” എന്ന് മമ്മൂക്ക പറഞ്ഞു. അന്ന് രാത്രി തന്നെ അദ്ദേഹം ആശുപത്രിയില്‍ വിളിച്ചു പറഞ്ഞു. ഷാ ഇക്കയുടെ ചികിത്സ മുഴുവന്‍ സൗജന്യമായി.
ജീവിതത്തില്‍ ആദ്യമായി ഈ സിംഹത്തിന്റെ കോള്‍ എന്റെ ഫോണിലേക്ക് വന്നത് ഒരിക്കലും മറക്കില്ല. അദ്ദേഹം ശരിക്കും സ്‌നേഹമുള്ള സിംഹം തന്നെയാണ്. ഷായുടെ ഹൃദയ ശസ്ത്രക്രിയ 27 ജൂണിന് ആശുപത്രിയില്‍ നടന്നുവെന്നും അദ്ദേഹത്തിനു വേണ്ടി എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാകണമെന്നും മനോജ് വീഡിയോയില്‍ പറഞ്ഞു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.