കല്‍പറ്റ: കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാലതാമസം വരുത്തിയതിനാണ് ഫ്യൂസ് ഊരിയത്. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് എംവിഡിയുടെ നോട്ടീസ് ലഭിച്ചിരുന്നു.
കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. വാഹനത്തിൽ തോട്ടി കെട്ടി കൊണ്ടുപോയതിന് 20000 രൂപയും ഡ്രൈവർ സീറ്റ് ബെൽറ്റിടാത്തതിന് 500 രൂപയും ചുമത്തിയാണ് 20500 രൂപ പിഴയടപ്പിച്ചത്. ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്.
ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസ് 17 നാണ് നോട്ടീസ് കെഎസ്ഇബിക്ക് ലഭിക്കുന്നത്. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും തിരിച്ചടിയായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ തന്നെ ഫ്യൂസൂരിയത്.
മോട്ടോര്‍ വാഹന വകുപ്പ് എമര്‍ജന്‍സി ഫണ്ടില്‍നിന്ന് ചൊവ്വാഴ്ച തന്നെ ബില്‍ അടച്ചതോടെ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാലും സാവകാശം ലഭിക്കാറുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also Read » പദ്ധതി നടപ്പിലാക്കിയ ശേഷം അപകടങ്ങൾ കുറഞ്ഞു; എഐ ക്യാമറ വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.