തിരുവനന്തപുരം: ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് പുതിയ പൊലീസ് മേധാവി. കെ പത്മകുമാറിനെ മറികടന്നാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. 2024 ഓഗസ്റ്റ് വരെ വേണുവിനു കാലാവധിയുണ്ട്. ഹൈദരാബാദ് സ്വദേശിയായ ഷെയ്ഖ് ദര്‍വേഷ് സാഹിബിന് 2024 ജൂലൈ 31 വരെ സര്‍വീസുണ്ട്.
ഡോ. വി വേണു ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പിന്റെ അധികച്ചുമതല, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) മാനേജിങ് ഡയറക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, എക്സൈസ് കമ്മിഷണര്‍, ഭക്ഷ്യ – സിവില്‍ സപ്ലൈസ് സെക്രട്ടറി, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഭാര്യയാണ്.
ആലപ്പുഴ പൂന്തുറ സ്വദേശി വാസുദേവപ്പണിക്കരുടെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പി ടി രാജമ്മയുടെയും മകനാണ്. നാടകകലാകാരന്മാര്‍ ഏറെയുള്ള നാടായ കോഴിക്കോടായിരുന്നു കുട്ടിക്കാലം. അങ്ങനെ നാടക അരങ്ങുകളിലും സജീവമായി. കോഴിക്കോട് കേന്ദ്രീയ വിദ്യാലയം, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എംബിബിഎസ് നേടിയ ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. മലയാളത്തില്‍ ഒപ്പിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായാണ് ആദ്യ നിയമനം. കല്യാണി, ശബരി എന്നിവരാണ് മക്കൾ.
1990 ബാച്ചിലെ ഐപിഎസ് ഓഫിസറായ ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസകോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാന്‍ഡന്റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സംഘടനയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എസ്പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി നോക്കി.
ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറും ഡപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്ബിസിഐഡി, പൊലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐജി ആയിരുന്നു. അഡീഷനല്‍ എക്‌സൈസ് കമ്മിഷണറായും കേരള പൊലീസ് അക്കാദമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.
എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി.
വിശിഷ്ടസേവനത്തിന് 2016ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ. അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്‌ത്തേക്കര്‍.
Also Read » വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ് പതിച്ച് കാനറ ബാങ്ക്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.