തിരുവനന്തപുരം: ആ ഭാഗ്യവാനാര് എന്ന ചോദ്യം ഇനി വിരലിലെണ്ണാവുന്നവർക്ക് മാത്രമറിയുന്ന രഹസ്യമായി തുടരും. 2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വെച്ച് പണം വാങ്ങി മടങ്ങി. കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയത്. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയും ലോട്ടറി വകുപ്പിന് മുന്നിൽ ഇദ്ദേഹം വെച്ചു. അതിനാൽ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന നിലപാടിലാണ് ലോട്ടറി വകുപ്പ്.
ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വിഷു ബമ്പർ ലോട്ടറി ഫലം വന്നതിന് പിന്നാലെ നാടൊന്നാകെ ആ ഭാഗ്യവാനാര് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. എന്നാൽ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാൻ മുന്നോട്ട് വന്നില്ല. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം പണം വാങ്ങി മടങ്ങുകയും ചെയ്തു. മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി ഷോപ്പിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയത്.
ഫലം വരുന്നതിന് ഒരാഴ്ച മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയതെന്ന് ലോട്ടറി ഏജന്റ് ആദർശ് പറഞ്ഞു. ടിക്കറ്റ് വാങ്ങിയതാരാണെന്ന് ആദർശിന് ഓർമ്മയുണ്ടായിരുന്നില്ല. തങ്ങളുടെ നാട്ടിലേക്ക് എത്തിയ 12 കോടിയുടെ ഭാഗ്യശാലിയെ കാണാൻ ചെമ്മാട് സ്വദേശികളും കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഒടുക്കം പണം വാങ്ങി മടങ്ങിയ ഭാഗ്യശാലി, തന്റെ മുൻഗാമികൾക്കുണ്ടായ ദുരനുഭവത്തിൽനിന്ന് രക്ഷപ്പെടാനാണ് പേര് വിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നത്.
Also Read » ഓണം പൊടിപൊടിച്ചു: ഖാദി ബോർഡിന് 21.88 കോടിയുടെ വിൽപ്പന
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.