ആലപ്പുഴ: ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആതിരയിൽ അനന്തു (21), കരൂർ അനിൽ കുമാറിൻ്റെ മകൻ അഭിജിത്ത് (22) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം. ബൈക്കിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേ സമയം, എം സി റോഡിൽ കൊട്ടാരക്കര–അടൂർ പാതയിൽ ലോറി കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. തൃശ്ശൂർ സ്വദേശി ശരൺ (30) ആണ് മരിച്ചത്. കെ എസ് ആർ ടി സിയിൽ യാത്ര ചെയ്ത എട്ടു പേർക്ക് നിസ്സാര പരിക്കേറ്റു. താഴത്തുകുളക്കടയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കോട്ടത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ നിയന്ത്രണം തെറ്റി തെറ്റായ ദിശയിൽ വന്ന പാഴ്സൽ ലോറി ഇടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന എട്ടോളം പേർക്ക് പരിക്കേറ്റു. ഇരു വാഹനങ്ങളും അമിത വേഗതയിൽ അല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ശരണിനെ ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മലപ്പുറത്ത് മറ്റൊരു ലോറിയും അപകടത്തിൽപ്പെട്ടു. മുണ്ടുപറമ്പിൽ നിയന്ത്രണം വിട്ട ലോറി കാറിനും സ്കൂട്ടറിനും മുകളിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഇവരെ നാട്ടുകാരും ഫയർഫോഴ്‌സും സമയോചിതമായി പുറത്തെത്തിക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് ഭാഗത്തേക്ക് നിറയെ സാധനങ്ങൾ കയറ്റിവന്ന ലോറി മുണ്ടുപറമ്പ് ബൈപ്പാസിൽ വെച്ച് മറിയുകയായിരുന്നു. ഇരുപത് മിനിട്ടോളം ദേശീയ പാതയുടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടായി.
Also Read » തൃശൂരിൽ ബൈക്ക് മറിഞ്ഞ് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.