തിരുവനന്തപുരം: ആധാരമെഴുത്തുകാർക്ക് സബ് രജിസ്ട്രാർ ഓഫിസുകളിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. സബ് രജിസ്ട്രാർ ഓഫിസുകളിലെ കോഴ ഇടപാടുകൾക്ക് ആധാരമെഴുത്തുകാരിൽ ഒരു വിഭാഗം ഇടനിലക്കാരായി പ്രവർത്തിക്കുന്നെന്ന വിജിലൻസിന്റെ കണ്ടെത്തലിനെ തുടർന്നാണ് രജിസ്ട്രേഷൻ വകുപ്പിന്റെ നടപടി. കേരള ആധാരമെഴുത്ത് ചട്ടങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള അവകാശങ്ങൾക്കപ്പുറം ആധാരമെഴുത്തുകാർ വിനിയോഗിക്കാൻ പാടില്ല.
അനിയന്ത്രിതമായി രജിസ്ട്രേഷൻ ഓഫീസുകളിൽ കയറിയിറങ്ങിയാൽ ആധാരമെഴുത്തു ലൈസൻസ് സസ്പെൻഡ് ചെയ്യും. ഉദ്യോഗസ്ഥരുമായി ആധാരമെഴുത്തുകാർ നേരിട്ട് ഇടപെടുന്നതിനും നിയന്ത്രണമുണ്ട്. നിയമപ്രകാരമുള്ള കാര്യങ്ങൾക്കല്ലാതെ ഏതെങ്കിലും സബ് രജിസ്ട്രാർ ഓഫിസിൽ ആധാരമെഴുത്തുകാരെ കണ്ടതായി വിവരം ലഭിക്കുകയോ പരിശോധനയ്ക്കിടെ കണ്ടെത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കും. ഇതു പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും.
ആധാരമെഴുത്തുകാർക്ക് ഫയലിങ് ഷീറ്റും മറ്റും വിതരണം ചെയ്യുന്നതിനാൽ ഓഫിസിനുള്ളിൽ പ്രവേശനം ലഭിക്കാത്തതരത്തിൽ ഫ്രണ്ട് ഓഫീസ് കൗണ്ടർ സംവിധാനം ഏർപ്പെടുത്തണമെന്നും റജിസ്ട്രേഷൻ വകുപ്പ് നിർദേശം നൽകി. അഴിമതി തടയാനെന്ന പേരിൽ നടപ്പാക്കുന്ന ഈ നിയന്ത്രണം ഉദ്യോഗസ്ഥർക്ക് അഴിമതി കാട്ടാൻ അവസരം ഒരുക്കുമെന്നാണ് ആധാരമെഴുത്തുകാരുടെ വാദം. തങ്ങളുടെ ഇടപെടൽ കാരണമാണ് ഉദ്യോഗസ്ഥരുടെ പല അനാവശ്യ ഇടപെടലുകളും ഒഴിവാകുന്നതെന്നും അവർ പറയുന്നു.
Also Read » വാളയാറിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നഴ്സിന് പരിക്ക്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.