പാലാ: പഠനത്തോടൊപ്പം പ്രകൃതിയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച അദ്ധ്യാപകന്‍ അവാര്‍ഡിനര്‍ഹമാകുമ്പോള്‍ പാലായ്ക്കും അഭിമാനമായ നിമിഷങ്ങളായി. പാഠ്യേതര വിഷയങ്ങളിലും അറിവ് പകര്‍ന്ന പാലാ സെന്റ് തോമസ് സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ മാത്യു എം കുര്യാക്കോസിനാണ് സംസ്ഥാനത്തെ മികച്ച ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകനുള്ള അവാര്‍ഡ്. എട്ടു വര്‍ഷമായി സെന്റ് തോമസ് സ്‌കൂളിലെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ച മാത്യു എം കുര്യാക്കോസ് കഴിഞ്ഞമാസം 31നാണ് ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ചത്.
കോവിഡ് കാലത്ത് മാത്യുവിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ സാമൂഹ്യബോധം ഉയര്‍ത്തുന്നതിനായി നടത്തിയ പരിപാടികളാണ് അവാര്‍ഡിനര്‍ഹനാക്കിയത്. കോവിഡ് കാലത്ത് സ്‌കൂള്‍ അടഞ്ഞുകിടന്നപ്പോള്‍ ടീം സെന്റ് തോമസ് എന്ന പേരില്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഗ്രൂപ്പുണ്ടാക്കി 'സ്‌കൂള്‍ വീട്ടിലേക്ക് പോകുന്നു' എന്ന വാക്യത്തിന് പ്രാധാന്യം നല്‍കി ഓരോ കുട്ടികളെയും വീടുകളിലെത്തി സന്ദര്‍ശിച്ചു. കുട്ടികളുടെ പഠനപരമായ സംശയങ്ങള്‍ തീര്‍ക്കുക, മാനസിക വെല്ലുവിളികള്‍ പരിഹരിക്കുക, പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക, കുട്ടികളുമായി സംവാദിക്കുക, വീടുകളിലെ സാഹചര്യം മനസിലാക്കി സഹായമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പരിപാടി വിജയകരമായി.
ഇന്റര്‍നാഷണല്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് ക്ലാസ്സ് ടെസ്റ്റുകള്‍ നടത്തി പഠനനിലവാരം പരിശോധിച്ച് പിന്നാക്കമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി. കെയര്‍-ടെന്‍ എന്ന പേരില്‍ പത്ത് കുട്ടികളെ വീതം തിരിച്ച് ഓരോ അദ്ധ്യാപകര്‍ക്കും ചുമതല നല്‍കി. ഇത് കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനും ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരബുദ്ധിയോടെ പഠിക്കുവാനും പ്രചോദനമായി. പഠനത്തോടൊപ്പം സമൂഹത്തെ അടുത്ത് മനസ്സിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ഇദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തി.
ത്രീവീല്‍ റവല്യൂഷന്റെ പിതാവ് ഇര്‍ഫാന്‍ ആലത്തെ സ്‌കൂളിലെത്തിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കി. പിന്നീട് പാറ്റ്നയിലേക്ക് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ കൊണ്ടുപോയി ഇര്‍ഫാന്റെ പ്രവര്‍ത്തന മേഖല നേരില്‍ വിശദീകരിച്ചു. ഇന്ത്യയുടെ ഓറഞ്ച്മാന്‍ എന്നറിയിപ്പെടുന്ന പത്മശ്രീ ജേതാവ് ഹരേക്കള ഹഡ്ജനെ പാലായിലേക്ക് എത്തിച്ചു. പാലാ സെന്റ് തോമസിലെ
എൻ എസ് എസ് യുണിറ്റിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ നേടാനായതും ഇദേഹത്തിന്റെ നേതൃത്വത്തിലാണ്.
നേച്ചര്‍ ക്ലബുകളിലൂടെ കുട്ടികളെ പ്രകൃതിയുമായി ഇണങ്ങാന്‍ പരിശീലിപ്പിച്ചു. ചേര്‍പ്പുങ്കലിലെ പാടശേഖരം പാട്ടത്തിനെടുത്ത് കുട്ടികള്‍ക്കായി നെല്‍കൃഷി ഒരുക്കി. ഞാറ് നടുന്നതും കള പറിക്കുന്നതും കൊയ്യുന്നതും കുട്ടികള്‍ തന്നെ. പാലായ്ക്കൊരു തണല്‍മരം എന്ന പേരില്‍ പാലായുടെ തെരുവുകളില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. അനുഭവങ്ങളെ പുസ്തകത്തിലാക്കി
'പ്രകൃതിക്കൊരു പുനര്‍വായന' എന്ന രചനയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചേര്‍പ്പുങ്കല്‍ മഠത്തില്‍ എം എം കുര്യാക്കോസിന്റെയും എത്സമ്മയുടെയും മകനാണ്. ചേര്‍പ്പുങ്കല്‍ ഹോളിക്രോസിലെ ഹിന്ദി അധ്യാപിക അഷ്ലി ടെസ് ജോണ്‍ ആണ് ഭാര്യ. കൃപാ, ഹൃദ്യാ, ശ്രേയ, ജോഷ്, സേറ എന്നിവർ മക്കളാണ്.
Also Read » ടാർജറ്റും കടന്ന് റെക്കോർഡ് കളക്ഷൻ; പാലാ ഡിപ്പോയ്ക്ക് അഭിമാന നിമിഷം
Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.