പാലാ: ഇക്കഴിഞ്ഞ ദിവസം സംഹാര താണ്ഡവമാടിയ കൊടുങ്കാറ്റിലും കനത്ത മഴയിലും ഉണ്ടായത് വലിയ നാശ നഷ്ടങ്ങൾ. നൂറു കണക്കിന് മരങ്ങളാണ് കടപുഴകിയത്. കർഷകരുടെ കൃഷിയിടങ്ങളിലെ വാഴ, മരച്ചീനി, പച്ചക്കറി എന്നീ കൃഷികളും വൻതോതിൽ നശിച്ചു. വലിയ നഷ്ടം വൈദ്യുത ബോർഡിനും ഉണ്ടായി. നിരവധി കോൺക്രീറ്റ് വൈദ്യുത തൂണുകളാണ് വൃക്ഷങ്ങളും വലിയ മരച്ചില്ലകളും വീണ് പാടേ തകർന്നത്. ഇതോടൊപ്പം മരച്ചില്ലകളും മറ്റും വീണ് വൈദ്യുത കമ്പികളും പൊട്ടി വീണു.
വൈദ്യുത കാലുകൾ ഒടിഞ്ഞു വീണത് അർദ്ധരാത്രിയോടെയാണ് മാറ്റി റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. ഗതാഗത തടസ്സം ഉണ്ടാക്കിയ മരങ്ങൾ രാത്രിയോടെ ഫയർഫോഴ്സെത്തി മുറിച്ചുനീക്കി. വ്യാഴാഴ്ച്ച രാത്രി വിച്ഛേദിക്കപ്പെട്ട വൈദ്യുതി വിതരണം ഭാഗികമായി മാത്രമെ പുന:സ്ഥാപിക്കാനായുള്ളൂ. വൈദ്യുതി മുടങ്ങിയതോടെ കുടിവെള്ള പദ്ധതികളിലെ ജലവിതരണവും മുടങ്ങി. വള്ളിച്ചിറ വില്ലേജ് വാട്ടർ സപ്ലൈ സ്കീമിൽ നിന്നുമുള്ള ജലവിതരണവും തടസ്സപ്പെട്ടു.
വൈദ്യുതി മുടക്കിയതോടെ വ്യാപാരികൾക്കും വലിയ നഷ്ടം നേരിട്ടു. ഐ ടി മേഖലയിൽ വർക്ക് ഫ്രം ഹോം ജോലിയിൽ വ്യാപൃതരായിരുന്ന ജീവനക്കാർക്കും തടസ്സങ്ങൾ നേരിട്ടു.
ഒടിഞ്ഞു വീണ വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഇനിയും താമസം നേരിടാനാണ് സാദ്ധ്യത. വൈദ്യുത വിതരണം സാധാരണ നിലയിൽ ആക്കുവാൻ കൂടുതൽ സമയമെടുക്കുമെന്നാണ് അറിയുന്നത്.
മറ്റു മേഖലയിൽ നിന്നും കൂടുതൽ കരാർ ജീവനക്കാരെ നിയോഗിച്ച് വൈദ്യുത വിതരണം പുന:സ്ഥാപിക്കുവാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് ജയ്സൺ മാന്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. വൈദ്യുതി ലഭ്യമാക്കുവാൻ രാത്രി വൈകിയും അക്ഷീണ പരിശ്രമം നടത്തിയ വൈദ്യുത ബോർഡ് ജീവനക്കാരെയും ഫയർഫോഴ്സ് അധികൃതരേയും യോഗം അഭിനന്ദിച്ചു.
വ്യാഴാഴ്ച്ച വൈകുന്നേരം ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കൃഷി നാശവും മറ്റു നഷ്ടങ്ങളും സംഭവിച്ചവർക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് ജോസ് കെ മാണി എം പി അധികൃതരോട് അഭ്യർത്ഥിച്ചു.
Also Read » മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
Also Read » 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.