ചെറുതോണി: ഫാർമസിസ്റ്റിനുനേരെ ആസിഡ് ആക്രമണം. ഇടുക്കി ചെറുതോണി കവലയിൽ മരിയ മെഡിക്കൽ സ്റ്റോർ ഉടമയും ഫാർമസിസ്റ്റുമായ പഞ്ഞിക്കാട്ടിൽ ലൈജു ജോണിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 10.30ന് മെഡിക്കൽ സ്റ്റോർ അടച്ചശേഷം കാറിൽ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ലൈജുവിനെ ബൈക്കിൽ എത്തിയ അജ്ഞാതരായ രണ്ടുപേരാണ് ആക്രമിച്ചത്.
കാറിനെ പിൻതുടർന്നിരുന്ന ഇവർ നിർത്താതെ ഹോൺ മുഴക്കി കാർ നിർത്തിക്കുകയും, തുടർന്ന് ഇവരുമായി സംസാരിക്കുവാനായി ലൈജു കാറിന്റെ ഗ്ലാസ് താഴ്ത്തിയ സമയത്ത് നാളെ എപ്പോഴാണ് മെഡിക്കൽ സ്റ്റോർ തുറക്കുക എന്നു ചോദിച്ച് ബൈക്കിൽ ഇരുന്നവരിൽ ഒരാൾ മുഖത്തേയ്ക്ക് ആസിഡ് ഒഴിക്കുകയുമായിരുന്നു. മുഖവും ദേഹവും പൊള്ളലേറ്റ ലൈജു നിലവിളിക്കുകയും സമീപവാസികൾ ഓടിയെത്തിയെത്തിയപ്പോഴേക്കും അക്രമികൾ ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപെടുകയുമാണുണ്ടായത്.
പൊള്ളലേലൈറ്റ ലൈജുവിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ലൈജു.
ഇടുക്കി പോലീസ് സ്റ്റേഷന് 200 മീറ്റർ അകലത്തിൽ നടന്ന ഈ സംഭവത്തിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
ആസിഡ് അക്രമണത്തിൽ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസ്സോസിയേഷൻ (കെപിപിഎ) സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റുചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോർജ്, ജനറൽ സെക്രട്ടറി പി പ്രവീൺ, ട്രഷറർ നവജി തെക്കേടത്ത്, വൈസ് പ്രസിഡന്റ് ദിലീപ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
Also Read » ലോൺ ആപ്പുകളും, 72 വെബ്സൈറ്റുകളും നീക്കം ചെയ്യണം; ഗൂഗിളിന് കേരളാ പൊലീസിന്റെ നോട്ടീസ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.