പാലാ: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾക്ക് തടയിടാൻ ആശുപത്രികളിൽ കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് പാലാ കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗം ജയ്സൺ മാന്തോട്ടം പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സതേടി എത്തുന്നവരിലെ ക്രിമിനലുകളും മറ്റുള്ളവരും ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുന്നത് തുടർകഥയാവുകയാണ്.
എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റും, സെക്യൂരിറ്റി വിഭാഗവും ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശമെങ്കിലും പലയിടത്തും നാമമാത്രമായ സുരക്ഷാ സംവിധാനങ്ങൾ മാത്രമാണുള്ളത്.
ഉച്ചയോടെ ഒ പി കഴിഞ്ഞാൽ പിന്നെ സർക്കാർ ആശുപത്രികളിൽ കാഷ്വാലിറ്റി വിഭാഗമാണ് ഉണ്ടാവുക. ഇവിടെ ഒരു ഡ്യൂട്ടി ഡോക്ടറും, നഴ്സും, നഴ്സിംഗ് അസിസ്റ്റന്റും മാത്രമാണ് കാണുക.
സർക്കാർ ആശുപത്രികളിൽ എത്തുന്നവരിൽ ഭൂരിഭാഗവും അടിപിടി കേസുകളിൽപ്പെട്ട വാദിയും പ്രതികളും, സംഘട്ടനങ്ങളിലും വാഹന അപകടങ്ങളിൽ പരിക്കേറ്റവരും, ലഹരിയ്ക്ക് അടിമകളായവരും, പോലീസ് പിടിച്ചു കൊണ്ടുവരുന്നവരുമായിരിക്കും.
ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിൽപ്പെട്ട് ഇരു കൂട്ടരും ഒരേ സമയം ആശുപത്രിയിൽ എത്തുകയും
അവിടെ വച്ച് പോർവിളി നടത്തി വീണ്ടും അടിപിടിയും കൂട്ടത്തല്ലും നടത്തുകയും, തടയുവാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.
പാലാ കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ നിരവധി തവണയാണ് ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമം ഉണ്ടായത്. അടുത്ത കാലത്താണ് ഡ്യൂട്ടി ഡോക്ടർ ഡോ. എഡ്വിന് മർദ്ദനമേറ്റത്. തടയുവാൻ എത്തിയ സെക്യൂരിറ്റിക്കും മർദ്ദനമേറ്റിരുന്നു. അക്രമകാരികൾക്ക് രാഷ്ട്രീയ പിൻബലം ഉള്ളതിനാൽ പ്രതികൾ പിന്നീട് രക്ഷപ്പെടുകയും ചെയ്യുന്നു. ഗവ. ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം വളരെ ദുർബലമാണ്.
ഇവരെ നിയമിക്കുന്നത് അതാത് ആശുപത്രി വികസന സമിതികളാണ്. ആശുപത്രി വരുമാനത്തിൽ നിന്നും ഇവരുടെ ശമ്പളം കണ്ടെത്തേണ്ടതിനാൽ ഒരേ സമയം ഒന്നിൽ കൂടുതൽ പേരെ ഒരു ഭാഗത്ത് നിയമിക്കുവാനും സാമ്പത്തിക പരിമിതികൾ ഉണ്ട്. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പുവരുത്തുവാൻ കർശന നടപടികളും സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാകുകതന്നെ വേണം.
ക്രിമിനലുകൾക്ക് പരിശോധനയും ചികിത്സയും നൽകുന്ന സാഹചര്യങ്ങളിൽ സുരക്ഷാ വിഭാഗത്തിന്റെ സാമീപ്യവും ഉറപ്പുവരുത്തപ്പെടണം.
കൊട്ടാരക്കരയിൽ പോലീസ് സാന്നിദ്ധ്യത്തിലാണ് അക്രമി ഡോക്ടറേയും മറ്റു നിരവധി പേരെയും അക്രമിച്ചത് എന്നതും പരിശോധിക്കപ്പെടണമെന്നും ജയ്സൺ മാന്തോട്ടം പറഞ്ഞു.
Also Read » മാർ ആഗസ്തീനോസ് കോളേജിലെ എം എ എച്ച് ആർ എം വിദ്യാർത്ഥികൾ കുഞ്ഞച്ചൻ മിഷനറി ഭവൻ സന്ദർശിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.