കുടക്കച്ചിറ കുന്നക്കാട്ടുപടവിൽ മലയടിവാരത്ത് പാറമടയ്ക്ക് നീക്കം; പ്രക്ഷോഭത്തിനൊരുങ്ങി സ്ഥലവാസികൾ

Avatar
M R Raju Ramapuram | 09-05-2023

2466-1683594648-img-20230509-wa0001

കുടക്കച്ചിറ കുന്നക്കാട്ടുപടവിൽ മല

പാലാ: കരൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കുടക്കച്ചിറ കുന്നക്കാട്ടുപടവിൽ മലയടിവാരത്ത് പാറമടകൾ തുടങ്ങാൻ നീക്കം. വിശദമായ പഠനങ്ങൾ നടത്താതെയും പ്രദേശവാസികളുടെ ആശങ്കകൾ പരിഗണിക്കാതെയും ധൃതിപിടിച്ച് പാറമടകൾക്ക് അനുമതി നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയർന്നു. പരിസ്ഥിതി ദുർബലമായ മലയടിവാരത്ത് പാറമട അനുവദിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണിയാകും.

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവും പാലിച്ചിട്ടില്ല. ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും കരൂർ ഗ്രാമപഞ്ചായത്തിൻറെയും അതിർത്തിയായ കലാമുകുളം - കുന്നക്കാട്ടുപടവിൽ - പറയാനി മുതൽ പാറമട ജംഗ്ഷൻ - വലവൂർ ട്രിപ്പിൾ ഐ റ്റി - സെന്റ് തോമസ് മൗണ്ട് വരെ നീണ്ടുകിടക്കുന്ന കിഴക്കാംതൂക്കായ മലനിരകളിൽ മൂന്നു പാറമടകൾക്കാണ് കരൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനാനുമതിക്കായി അപേക്ഷ നൽകിയിരിക്കുന്നത്. ക്രഷർ യൂണിറ്റ് തുടങ്ങാനും നീക്കമുണ്ട്.

ഏതാണ്ട് 45 ഡിഗ്രിയിലധികം ചെരിവുള്ള മലനിരകളാണിത്. ഇത്രയധികം ചെരിവുള്ള പ്രദേശത്ത് പാറപൊട്ടിക്കാൻ അനുമതി നൽകിയാൽ മണ്ണ് ഇളകി സോയിൽ പൈപ്പിംഗ് പോലുള്ള പ്രതിഭാസം സംഭവിക്കുമെന്നും മഴവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. പാറക്കെട്ടിന്റെ 40 മീറ്റർ ചുറ്റളവ് മുതൽ വാസഗൃഹങ്ങളും പഞ്ചായത്ത് റോഡുമുണ്ട്. കുടക്കച്ചിറ - പറയാനി ജലനിധി പദ്ധതിയുടെ ജലസംഭരണിയും സമീപത്തുണ്ട്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


പാറമട ആരംഭിച്ചാൽ ജലസംഭരണിക്ക് തകരാർ സംഭവിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പറയാനി ഗവ.യു.പി സ്കൂൾ, വെട്ടിക്കാപ്പള്ളി ക്ഷേത്രം, തീർത്ഥാടന കേന്ദ്രമായ സെന്റ് തോമസ് മൗണ്ട്, കുടക്കച്ചിറ പള്ളിയും അനുബന്ധ വിദ്യാലയങ്ങളും ജലസേചന വകുപ്പിന്റെ മറ്റൊരു ജലസംഭരണിയും സമീപത്താണ്. പാറ ഖനനം വീടുകൾക്കും പരിസ്ഥിതിക്കും ഭീഷണിയാകും. സ്കൂൾ കുട്ടികളടക്കം സഞ്ചരിക്കുന്ന റോഡിലൂടെ ടിപ്പർ, ടോറസ് എന്നിവ ഓടുന്നത് അപകടമുണ്ടാക്കും.

പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് പ്രവർത്തിച്ച അനധികൃത പാറമടകൾ നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് അധികൃതർ നിർത്തിവയ്പിച്ചിരുന്നു.
കരൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ കുടക്കച്ചിറ ഓരത്താനിയേൽ പുരയിടത്തിലെ നിർദ്ദിഷ്ട പാറമടയ്ക്ക് സമീപം മുൻകാലത്തുണ്ടായ ഉരുൾപൊട്ടലിൽ താഴ്‌വരയിലുണ്ടായിരുന്ന പാടശേഖരങ്ങൾ നികന്നു കരയായതായി പഴമക്കാർ പറയുന്നു.

2019 ലെ മഴക്കാലത്തും വൻതോതിലുള്ള മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായി. അത്രയേറെ പാരിസ്ഥിതിക ദുർബലമായ ഒരു പ്രദേശത്തുനടത്തുന്ന ഖനന പ്രവർത്തനങ്ങൾ വൻതോതിലുള്ള പാരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് തദ്ദേശവാസികൾ ഭയക്കുന്നു. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശങ്ങൾ കൊടും വരൾച്ചയിലേക്കു നീങ്ങും. പാരിസ്ഥിതികാഘാത പഠനം നടന്നതായി തങ്ങൾക്കറിയില്ലായെന്നും തങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ അനുമതി നൽകാവു എന്ന് പലതവണ പരാതികൾ നൽകിയിട്ടുണ്ടെന്നും പ്രസ്തുത യൂണിറ്റിന് നിലവിൽ ലൈസൻസുള്ള മാഗസിൻ യൂണിറ്റ് ഇല്ലായെന്നും സ്ഥലവാസികൾ പരാതിപ്പെടുന്നു.

പ്രസ്തുത പാറമടകൾക്കു ലഭിച്ചിരിക്കുന്ന എൻവിറോൺമെന്റൽ ക്ലിയറൻസ് സർട്ടിഫിക്കറ്റും പരാതിക്കാരെ കേൾക്കാൻ തയ്യാറാകാത്ത ഭരണസമിതിയുടെ നിലപാടുകളും വൻതോതിലുള്ള അഴിമതിയിലേയ്ക്കും അവിശുദ്ധ ബന്ധങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നതെന്ന് ആക്ഷേപമുണ്ട്. പാറ ഖനനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.


Also Read » ലോൺ ആപ്പുകളും, 72 വെബ്സൈറ്റുകളും നീക്കം ചെയ്യണം; ഗൂഗിളിന് കേരളാ പൊലീസിന്റെ നോട്ടീസ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.65 MB / ⏱️ 0.0817 seconds.