പാലാ: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് കേരള ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിൽ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്. ആയതിനാൽ പാലാ നഗരസഭ പരിധിയിൽ സമ്പൂർണ്ണ ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കുമെന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ പറഞ്ഞു.
നഗരത്തിലെ എല്ലാ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും, വ്യാപാരി വ്യവസായി സംഘടനകളുടെ ഭാരവാഹികളും, ബേക്കറി ഓണേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ചെയർപേഴ്സന്റെ ചേമ്പറിൽ വച്ച് നടന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസിൻ ബിനോ. വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാജു വി തുരുത്തൻ, സാവിയോ കാവു കാട്ട്, മായാ പ്രദീപ്, ബിജി ജോജോ, കൗൺസിലർമാരായ അഡ്വക്കേറ്റ് ബിനു പുളിക്കകണ്ടം, ജോസ് ജെ ചീരാൻകുഴി, സതി ശശികുമാർ, ഷീബാ ജിയോ, മായാ രാഹുൽ, ആനി ബിജോയ്, ജോസ് എടേട്ട്, സിജി ടോണി, ജിമ്മി ജോസഫ്, സെക്രട്ടറി ജൂഹി മരിയ ടോം, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയിലെ എല്ലാ ഭവനങ്ങളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ഏപ്രിൽ മാസം മുതൽ ഹരിത കർമ്മ സേന സംഭരിച്ചു തുടങ്ങും. ജൈവ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്ത നഗരസഭയിലെ എല്ലാ ഭവനങ്ങൾക്കും മാലിന്യ സംസ്കരണ സംവിധാനങ്ങൾ അടിയന്തരമായി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നഗരസഭയിലെ എല്ലാ നിവാസികളും, വ്യാപാര സ്ഥാപന ഉടമസ്ഥരും ഇക്കാര്യത്തിൽ പരമാവധി സഹകരിക്കണമെന്നും, മാലിന്യങ്ങൾ അലക്ഷ്യമായി തെരുവിലും, വഴിയോരങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ യോഗത്തെ അറിയിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.