പാലാ: അടുത്ത വർഷത്തേക്കുള്ള നഗരസഭാ ബജറ്റിൽ പാലാ കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിക്കായി 3 കോടി 7 ലക്ഷം രൂപ വകയിരുത്തിയതായി നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു.
ആശുപത്രിയിലെ ക്യാൻസർ വിഭാഗത്തോട് അനുബന്ധിച്ച് റേഡിയേഷൻ ചികിത്സ കൂടി ആരംഭിക്കുന്നതിനായി കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ബജറ്റിൽ ശുപാർശ ചെയ്തിരുന്നുവെങ്കിലും ഗവൺമെന്റ് വിഹിതം കുറഞ്ഞതുമൂലം പദ്ധതി നടപ്പാക്കുവാനായില്ല. ഈ പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്തും തുക വകയിരുത്തുകയും മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. വൻ മുതൽമുടക്ക് ആവശ്യമുള്ള ഈ പദ്ധതിയ്ക്ക് മറ്റ് ഏജൻസികളുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.
റോഡിയേഷൻ സുരക്ഷ ഉറപ്പുവരുത്തിയുള്ള കെട്ടിട നിർമ്മാണമാണ് ഉണ്ടാകേണ്ടത്. ജോസ് കെ മാണി എം പിയുടെ ശ്രമഫലമായി കേന്ദ്ര ആണവോർജ്ജ വകുപ്പിൽ നിന്നും ഉപകരണ സഹായവും അറിയിച്ചിട്ടുണ്ട്. കെട്ടിട സൗകര്യം ഉണ്ടായെങ്കിലേ ഇതു ലഭിക്കൂ. റേഡിയേഷൻ കേന്ദ്രത്തിന് ആവശ്യമായ പ്രത്യക അനുമതികൾ ലഭിച്ചാൽ ആദ്യഘട്ട നിർമ്മാണം നടത്തുവാൻ ഈ വർഷം കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാജു തുരുത്തൻ അറിയിച്ചു.
കൂടാതെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി അഞ്ച് ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഡിഫിക്കേഷൻ, ചുറ്റുമതിൽ, അനൗൺസ്മെന്റ് സിസ്റ്റം, സി സി ടി വി, ഫർണിച്ചർ, പെയിന്റിംഗ് എന്നിവയ്ക്കായാണ് തുക നീക്കിവെച്ചിരിക്കുന്നത്.
ഡയാലിസിസ് രോഗികൾക്ക് കിറ്റുകൾക്കായി രണ്ടു ലക്ഷം രൂപയും ഹോമിയോ ആയുർവേദ ആശുപത്രികൾക്കായി 20 ലക്ഷം രൂപ വീതവും വകയിരുത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. വകയിരുത്തലുകൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read » മികച്ച നടൻ അല്ലു അർജുൻ, നടിമാർ ആലിയ ഭട്ടും, കൃതി സനോനും; ഇന്ദ്രൻസിന് പ്രത്യേക പരാമർശം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.