കുറവിലങ്ങാട്: മീനച്ചിൽ താലൂക്കിൽ റവന്യൂ-കൃഷി വകുപ്പ് നിയമങ്ങൾ കാറ്റിൽപ്പറത്തി നെൽവയൽ -തണ്ണീർത്തടങ്ങൾ തരം മാറ്റി കരയാക്കിയതായി ആരോപണവും വാർത്തകളും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് കോട്ടയം യൂണിറ്റ് സ്പെഷ്യൽ സംഘം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചതിന് ശേഷമായിരിക്കും മറ്റ് തുടർ നടപടികൾ.
സർക്കാരിന്റെ പുതിയ നയ- നിയമഭേദഗതികൾ വഴി ഡേറ്റാ ബാങ്കിൽ ഉൾപ്പെടാതെയുള്ളതും, നിശ്ചിത വർഷങ്ങൾക്ക് മുമ്പ് നികത്തിയതും, ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിക്കുന്നതിൽ ഡാറ്റ ബാങ്കിൽ തിരുത്തലുകൾ വരുത്തുന്നതിനായി മുമ്പ് സമർപ്പിച്ചതും അപേക്ഷകളുടെ മറവിലാണ് വ്യാപകമായി നെൽപ്പാടങ്ങൾ മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം വില്ലേജ് പരിധിയിൽ മണ്ണിട്ട് നികത്തിയത്.
കൂടാതെ പൊതുമരാമത്ത് വകുപ്പ് വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ഥാപിച്ച ഓടകളും കല്ലങ്കും നികത്തിയതും അന്വേഷണ പരിധിയിൽ വരും.
റവന്യൂ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരമായി സഞ്ചരിക്കുന്ന റോഡരികിൽ നടത്തിയ നിയമലംഘനം ആഭ്യന്തര -റവന്യു വകുപ്പുകൾ ഗൗരവമായിട്ടാണ് പരിശോധിക്കുന്നത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.