കുറവിലങ്ങാട്: മീനച്ചിൽ താലൂക്കിൽ റവന്യൂ-കൃഷി വകുപ്പ് നിയമങ്ങൾ കാറ്റിൽപ്പറത്തി നെൽവയൽ-തണ്ണീർത്തടങ്ങൾ തരം മാറ്റി കരയാക്കിയതായി ആരോപണം ഉയരുന്നു. സർക്കാരിന്റെ പുതിയ നയ- നിയമഭേദഗതികൾ വഴി ഡേറ്റാ ബാങ്കിൽ ഉൾപ്പെടാതെയുള്ളതും, നിശ്ചിത വർഷങ്ങൾക്ക് മുമ്പ് നികത്തിയതും, ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിക്കുന്നതിൽ ഡേറ്റാ ബാങ്കിൽ തിരുത്തലുകൾ വരുത്തുന്നതിനായി മുമ്പ് സമർപ്പിച്ചതും അപേക്ഷകളുടെ മറവിലാണ് വ്യാപകമായി നെൽപ്പാടങ്ങൾ മീനച്ചിൽ താലൂക്കിൽ നികത്തിയത്.
30-4-2020 ൽ റവന്യൂ അഡിഷണൽ സെക്രട്ടറി വളരെ വ്യക്തമായി ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഡേറ്റാ ബാങ്കിൽ തിരുത്തലുകൾ വരുത്തി ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി സമർപ്പിച്ച അപേക്ഷയുടെയും, സ്ഥല ഉടമ അടച്ച് ഫീസിന്റെയും പിൻബലത്തിൽ ഡേറ്റാ ബാങ്കിൽ തിരുത്തലുകൾ വരുത്താത്ത നെൽവയൽ കുറിച്ചിത്താനം വില്ലേജ് പരിധിയിൽ മണ്ണ് ഇട്ട് നികത്തിയിരിക്കുകയാണിപ്പോൾ. നിയമവിരുദ്ധമായി നെൽവയൽ സ്വഭാവ വ്യതിയാനം വരുത്തിയ സ്ഥല ഉടമയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം കാലതാമസം വരുത്തിയിരിക്കുകയുമാണ്.
നിയമാനുസൃതം ഡേറ്റാ ബാങ്കിൽ തിരുത്തലുകൾ വരുത്തുന്നതിനായി നിരവധി അപേക്ഷകൾ പാലാ ആർ ഡി ഓയ്ക്ക് നൽകിയിട്ടും കൃഷി ഓഫീസറുടെ റിപ്പോർട്ട് കിട്ടാതെ തീർപ്പാക്കാനുള്ളവ ഫയലിൽ കെട്ടിക്കിടക്കുമ്പോൾ ആണ് മറ്റൊരു വഴിയെ നിയമലംഘനം ഉണ്ടായിട്ടുള്ളത്. കൂടാതെ 30-4-2020 ലെ റവന്യൂ അഡിഷണൽ സെക്രട്ടറി ഉത്തരവിലെ എട്ടാം ഖണ്ഡികയിൽ 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾക്കനുബന്ധമുള്ളതും, ഡേറ്റാ ബാങ്കിൽ വിജ്ഞാപനം ചെയ്യപ്പെടാത്തതുമായ ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിക്കുന്നതിൽ അപേക്ഷയിൽ ആവശ്യമെങ്കിൽ മാത്രം റവന്യൂ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ആവശ്യപ്പെടാമെന്നും പറയുന്നുണ്ട്.
മീനച്ചിൽ താലൂക്കിൽ 2008 ലെ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമം വരുന്നതിന് മുമ്പ് സ്വഭാവ വ്യതിയാനം വരുത്തിയ അപേക്ഷകളിൽ ഇതുവരെ തീർപ്പ് കൽപ്പിച്ചിട്ടില്ല എന്നത് വിചിത്രം. ഇപ്പോൾ മീനച്ചിൽ താലൂക്കിൽ ഭൂമി സ്വഭാവ വ്യതിയാനം അനുവദിച്ച നെൽവയൽ തണ്ണീർത്തട നിയമനടപടികളിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർ യാത്രചെയ്യുന്ന പ്രധാന റോഡരികിലാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃത മണ്ണെടുപ്പും, നെൽവയൽ-തണ്ണീർത്തട നികത്തലുകളുമെന്നതാണ് വിചിത്രം.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.