രാമപുരം: പാലാ-തൊടുപുഴ ഹൈവേയിൽ രാത്രികാലങ്ങളിൽ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുവാൻ മാനത്തൂർ ഭാഗത്ത് രാമപുരം ജനമൈത്രി പോലീസ് ഡ്രൈവർമാർക്ക് ചുക്കുകാപ്പി വിതരണം ആരംഭിച്ചു. വാഹനമോടിക്കുന്ന ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതാണ് അപകടങ്ങളിൽ അധികവും.
ഉറങ്ങുന്ന ഡ്രൈവർമാർക്ക് ഉണർവേകാൻ ഞങ്ങളുടെ ചുക്കുകാപ്പി വിതരണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് രാമപുരം എസ് ഐ അരുൺ കുമാർ പി എസ് പറഞ്ഞു. മണ്ഡലകാലം കൂടിയായ ഇപ്പോൾ രാത്രികാലങ്ങളിൽ ഈ ഹൈവേ മാർഗ്ഗം ധാരാളം വാഹനങ്ങൾ കടന്നുപോകുകയും വരികയും ചെയ്യുന്നു.
കൂടാതെ നെല്ലാപ്പാറയ്ക്കും ഐങ്കൊമ്പിനും ഇടയിൽ ധാരാളം വാഹനാപകടങ്ങൾ അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. വെല്ലൂരിൽ നിന്നും ശബരിമലയ്ക്ക് പോയ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് മാനത്തൂർ സ്കൂളിന് സമീപം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക്
ഗുരുതരമായും പത്തുപേർക്ക് സാരമായും പരിക്കേറ്റ സംഭവവും നടന്നത് കഴിഞ്ഞയാഴ്ചയാണ്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ ജെ തോമസിന്റെ മേൽനോട്ടത്തിൽ രാമപുരം ജനമൈത്രി പോലീസ് ഇവിടെ ഡ്രൈവർമാക്ക് ചുക്കുകാപ്പിയുടെ വിതരണം ആരംഭിച്ചത്.
രാമപുരം പോലീസ് സബ് ഇൻസ്പെക്ടർ അരുൺ കുമാർ പി എസ്, എ എസ് ഐമാരായ സാബു, മധു, ജനമൈത്രി ബീറ്റ് ഓഫീസർ പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചുക്കുകാപ്പി വിതരണം നടക്കുന്നത്. ജനുവരി 15 വരെ വിതരണം ഉണ്ടായിരിക്കും.
Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു
Also Read » രാമപുരം മാർ ആഗസ്തീനോസ് കോളജിൽ ആഡോൺ കോഴ്സ് ആരംഭിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.