പാലാ: ഗാന്ധിജിക്ക് പാലാ നൽകിയ മഹത്തരമായ ആദരവാണ് മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്ക്വയറുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പാലാ മൂന്നാനിയിൽ ലോയേഴ്സ് ചേംബർ റൂട്ടിൽ പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർമ്മിച്ച മഹാത്മാഗാന്ധി പ്രതിമ അനാവരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവരണ ചടങ്ങിന് ഗാന്ധിസ്ക്വയറിൽ എത്തിയ ആരിഫ് മുഹമ്മദ് ഖാനെ മാണി സി കാപ്പൻ എം എൽ എ, പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, മുനിസിപ്പൽ വാർഡ് കൗൺസിലർ ലിജി ബിജു എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധി പ്രതിമ ആരിഫ് മുഹമ്മദ് ഖാൻ അനാവരണം ചെയ്തു.
പിന്നീട് പുഷ്പഹാരം പ്രതിമയിൽ അണിയിച്ച് പുഷ്പാർച്ചന നടത്തി മഹാത്മാഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിന് ഗവർണർ ഉപഹാരം സമ്മാനിച്ചു. മാവേലിക്കര സ്വദേശി ബിജു ജോസഫ് നിർമ്മിച്ച ഗാന്ധി ശില്പം ആരിഫ് മുഹമ്മദ് ഖാന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമ്മാനിച്ചു.
മുൻ എം പി വക്കച്ചൻ മറ്റത്തിൽ, കുര്യാക്കോസ് പടവൻ, ഫാ ജോസ് പുലവേലി, സജി മഞ്ഞക്കടമ്പിൽ, ചെറിയാൻ സി കാപ്പൻ, ജോർജ് പുളിങ്കാട്, ടോണി തോട്ടം, ജോസ് പാറേക്കാട്ട്, ജോയി കളരിയ്ക്കൽ, നിഷ സ്നേഹക്കൂട്, ബിനു പെരുമന, സന്തോഷ് കാവുകാട്ട്, അഡ്വ ജോഷി തറപ്പിൽ, അഡ്വ ബേബി സൈമൺ, അഡ്വ ആഷ്മി ജോസ്, രവി പാലാ, ജോസഫ് കുര്യൻ, സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, ഷോജി ഗോപി, കാതറീൻ റെബേക്ക, ലിയ മരിയ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
24 അടി സ്ക്വയറിൽ മൂന്നരയടി ഉയരമുള്ള വിശാലമായ ഗ്രാനൈറ്റ് പ്ലാറ്റ്ഫോമിലാണ് മഹാത്മാഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഐസോ റെസിനിൽ നിർമ്മിച്ച പ്രതിമയ്ക്ക് നാലരയടി ഉയരമുണ്ട്. മെഡിറ്റേഷൻ നടത്തുന്ന ഗാന്ധിജിയുടെ പ്രതിമാവിഷ്ക്കാരമാണ്
സ്ഥാപിച്ചിരിക്കുന്നത്. ഫ്ലോറിഡാ സ്റ്റേറ്റിലെ എഞ്ചിനീയറിംഗ് ചെയർ ബാബു വർഗീസിൻ്റെ മേൽനോട്ടത്തിൽ രാജേഷ് എസ് ആണ് എഞ്ചിനീയറിംഗ് നിർവ്വഹിച്ചിരിക്കുന്നത്. പ്രതിമയുടെയും ഗാന്ധി സ്ക്വയറിന്റെയും പരിപാലനം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് നിർവ്വഹിക്കുന്നത്. പൊതുജന സഹകരണത്തോടെ 12 ലക്ഷം രൂപ ചെലവിലാണ് പ്രതിമയും ഗാന്ധിസ്ക്വയറും സ്ഥാപിച്ചത്.
Also Read » പാലാ നഗരസഭാ തെരഞ്ഞടുപ്പ് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം: മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.