മരങ്ങാട്ടുപിള്ളി: ലോക മണ്ണ് ദിനം ആഘോഷമാക്കി ഗ്രാമ പഞ്ചായത്തുകളും കൃഷി വകുപ്പും മാറ്റുമ്പോഴും ഭൂമിയുടെ ദുരവസ്ഥക്ക് മാറ്റമില്ല. അഞ്ച്, ആറ് തീയതികളിലായാണ് ലോക മണ്ണ് ദിനം ആഘോഷിക്കുന്നത്. മണ്ണ് ആഹാരം എന്നിവ ഉത്ഭവിക്കുന്നിടം എന്ന വിഷയം പ്രമേയമാക്കിയാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
എന്നാൽ ലോക മണ്ണ് സംരക്ഷണ ദിനത്തിലും മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ മണ്ണെടുപ്പിന് യാതൊരു കുറവും ഇല്ല. വീട് പണിയുടെ പേരിൽ മണ്ണ് നീക്കാൻ പെർമിറ്റുകൾ വാങ്ങി വലിയ കുന്നുകൾ ഇവിടങ്ങളിൽ ഇടിച്ചു നിരത്തുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പാലക്കാട്ടുമല നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് വൻതോതിൽ മണ്ണെടുപ്പ് നടക്കുന്നത്.
ദിവസേന നൂറ് കണക്കിന് ടോറസ് ലോറികൾ തലങ്ങും വിലങ്ങും പായുന്നതുമൂലം കുടക്കച്ചിറ, പാലക്കാട്ടുമല, ഇല്ലിക്കൽ റോഡിന്റെ ഒരു ഭാഗം ഭാഗീകമായി തകർന്നു. പല ഭാഗങ്ങളിലും ടാറിംഗ് ഇളകി റോഡ് ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. നിലവിൽ അനുമതി ലഭിച്ചതിന്റെ ഇരട്ടിയിൽ അധികം മണ്ണ് ഇവിടെ നിന്നും കടത്തിയതായി സമീപ വാസികൾ ആരോപിക്കുന്നു. പഞ്ചായത്തിലെ ഏറ്റവും അധികം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് പാലക്കാട്ടുമല.
മണ്ണെടുപ്പ് നടക്കുന്ന കുന്നിന്റെ മറുഭാഗത്തെ പാടത്തിനോട് ചേർന്ന പ്രദേശത്ത് മൂന്നിലധികം കുടിവെള്ള പദ്ധതിയുടെ കിണർ സ്ഥിതി ചെയ്യുന്നു. മണ്ണെടുപ്പ് കഴിയുന്നതോടെ ഭൂമിയിലെ സ്വാഭാവിക ഉറവയുടെ ഒഴുക്ക് നിലയ്ക്കും എന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡിൽ മണ്ണ് വീണ് ചെളി മൂലം കാൽനടക്കാർക്ക് സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. മണ്ണ് എടുക്കുന്ന പ്രദേത്തുനിന്ന് ഒരു കിലോമീറ്ററിലധികം ദൂരം നടന്നുവേണം ബസ് റൂട്ടിൽ എത്താൻ.
രാവിലെ സ്കൂളിലും കോളേജിലും പോകേണ്ട വിദ്യാർത്ഥികൾ റോഡിലെ ചെളിമൂലം ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മണ്ണെടുപ്പിന് അനുമതി നൽകുന്ന ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർ പിന്നീട് ഈ സ്ഥലം പരിശോധിക്കണം എന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും കോട്ടയം ജില്ലയിൽ ഇത് പാലിക്കപ്പെടുന്നില്ല.
Also Read » കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നൽകിയതിനെന്ന് ആരോപണം
Also Read » ലോക കുതിരയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലപ്പുറത്തുകാരി നിദ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.