പാലാ: നഗരപ്രദേശത്തെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനായി "അമൃത് - 2 സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ" പദ്ധതിയിൽ ഉൾപ്പെടുത്തി 5.26 കോടിയിൽപ്പരം രൂപയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം ലഭിച്ചു.
അർബൻ വാട്ടർ സപ്ലൈ സ്കീമിൽ ഉൾപ്പെടുത്തി നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല വിപുലീകരിക്കുന്നതിനും പുതിയ കണക്ഷനുകൾ നൽകുന്നതിനും തുക വിനിയോഗിക്കുവാനാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു.
നഗരസഭയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ചേർന്നുള്ള സംയുക്ത പദ്ധതിയാണിത്.
ജോസ് കെ മാണി എംപി വഴി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യന് നഗരസഭ നൽകിയ പ്രൊജക്ടിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. കണ്ണാടിയുറുമ്പ്, കവീക്കുന്ന് ജലവിതരണ പദ്ധതികൾക്കായി പുതിയ ഗ്രാവിറ്റി മെയിനുകൾ സ്ഥാപിക്കും. കവീക്കുന്ന് വാട്ടർ ടാങ്കും പമ്പ് ഹൗസും, സംഭരണിയും പുതുക്കി പണിയും.
പത്ത് കിലോമീറ്ററിൽ പുതിയ ലൈനുകൾ സ്ഥാപിക്കും. പഴകി ദ്രവിച്ച പൈപ്പുകൾക്ക് പകരം പുതിയ പൈപ്പുകൾ ഇടുകയും നിരവധി പുതിയ കണക്ഷനുകൾ നൽകുകയും ചെയ്യും.
വാട്ടർ അതോറിട്ടിക്കാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. ഉടൻ ടെൻഡർ ചെയ്യുമെന്ന് വാട്ടർ അതോറിട്ടറി നഗരസഭയെ അറിയിച്ചിട്ടുണ്ട്.
നഗരസഭാ പ്രദേശത്ത് വേനലിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചത് വലിയ നേട്ടമായെന്നും ശുദ്ധീകരിച്ച ശുദ്ധജലം കൂടുതൽ വീടുകളിലേക്ക് എത്തിക്കുവാൻ കഴിയുമെന്നും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.
പഴകിയ പൈപ്പുകൾ പല ഭാഗത്തും പൊട്ടി വെള്ളം പാഴാകുന്നത് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതോടെ ഇല്ലാതാകും. ഉയർന്ന മർദ്ദത്തിൽ വെള്ളം ഉയർന്ന പ്രദേശത്തും എത്തിക്കുവാൻ കഴിയും. നഗരസഭാ പ്രദേശത്തെ കുടിവെള്ള ശൃംഖല ശക്തിപ്പെടുത്തുന്നതിന് പ്രത്യേക അനുമതി ലഭ്യമാക്കിയ ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യനെ എൽഡിഎഫ് പാലാ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. നഗരസഭയുടെ ദീർഘകാലമായുള്ള ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്. യോഗത്തിൽ ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.