പാലാ: ളാലം വില്ലേജ് ഓഫീസിനായി നിർമ്മിച്ച പുതിയ മന്ദിരം നവംബർ 18 (വെള്ളി) തുറന്നുകൊടുക്കും.
ഉച്ചയ്ക്ക് 1.10 ന് റവന്യൂ വകുപ്പു മന്ത്രി കെ രാജൻ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു. മീനച്ചിൽ താലൂക്കിലെ ളാലം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസായിരിക്കും. ആവശ്യമായ ഓഫീസ് ഉപകരണങ്ങൾ ഇവിടെ എത്തിച്ചു കഴിഞ്ഞു.
പാലാ നഗരസഭാ പ്രദേശവും കരൂർ പഞ്ചായത്ത് പ്രദേശവും ഉൾപ്പെടുന്നതാണ് ളാലം വില്ലേജ്. പാലാ മിനി സിവിൽ സ്റ്റേഷന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന വില്ലേജ് ഓഫീസ് ഇതേ കോമ്പൗണ്ടിൽ തന്നെ പുതിയതായി നിർമ്മിച്ചിരിക്കുന്ന നവീന മന്ദിരത്തിലേക്കാണ് മാറുന്നത്. വിപുലമായ ഓഫീസ് സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ 44 ലക്ഷം രൂപ മുടക്കിയാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
ഭിന്നശേഷി സൗഹൃദത്തോടു കൂടിയാണ് പുതിയ കെട്ടിട നിർമ്മാണം. ഓഫീസ് സൗകര്യങ്ങൾക്ക് പുറമെ വില്ലേജ് ഓഫീസർക്കായി പ്രത്യേക മുറി, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങൾക്ക് പ്രത്യേക ഇരിപ്പിട സ്ഥലം, ജീവനക്കാർക്കും ഓഫീസിലെത്തുന്നവർക്കുമായി പ്രത്യേക ടോയ്ലറ്റുകൾ, കോൺഫ്രൻസ് ഹാൾ, സ്റ്റോർ റൂം എന്നിവയും പുതിയ മന്ദിരത്തിലുണ്ട്. നിർമ്മിതികേന്ദ്രത്തിനായിരുന്നു നിർമ്മാണച്ചുമതല. ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.
Also Read » ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.