കടപ്ലാമറ്റം: കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റിയോഗത്തിനിടെ കുഴഞ്ഞുവീണ് അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര (78) അന്തരിച്ചു. ഇക്കഴിഞ്ഞ ഏഴ് തിങ്കളാഴ്ച വൈകിട്ടാണ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെയിരുന്നു ചികിത്സ. 14 തിങ്കളാഴ്ച രാത്രി 7.53 ഓടെയാണ് ഡോക്ടര്‍മാര്‍ മരണം രേഖപ്പെടുത്തിയത്.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1980 മുതല്‍ കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്തംഗം. 1987 മുതല്‍ 1995 വരെ കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ്. 1995 ല്‍ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍. 2000 ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2005 ല്‍ കുറവിലങ്ങാട് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. വയലാ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ 27 വര്‍ഷം മെമ്പര്‍, നാല് ടേം പ്രസിഡന്റ്. കാര്‍ഷിക വികസന ബാങ്ക് 42 വര്‍ഷം ബോര്‍ഡ് മെമ്പറായിരുന്നു.
ഗൈക്കോ ചെയര്‍മാനായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു. ഇത്തവണ വയലാ ടൗണ്‍ വാര്‍ഡില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടതും പ്രസിഡന്റായതും. 1980 ല്‍ ആദ്യതവണ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം എതിരില്ലാതെ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ഏക ജനപ്രതിനിധിയാണ് ജോയി. തുടര്‍ച്ചയായി 20 വര്‍ഷം ഒരു വാര്‍ഡിനെ തന്നെ പ്രതിനിധികരിച്ചു. കെ എം മാണി ഇടത് മുന്നണിയുടെ ഭാഗമായിരുന്നപ്പോളാണ് കുതിര ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചത്. വയല കല്ലുപുര വീട്ടില്‍ ഫ്രാന്‍സിസ് - ഏലിക്കുട്ടി ദമ്പതികളുടെ ആറു മക്കളില്‍ രണ്ടാമനാണ് ജോയി.
ഭാര്യ: ലിസമ്മ ജോയി വെമ്പള്ളി തെക്കേടം കുടുംബാംഗം.
മകള്‍: സ്വപ്ന.
മരുമകന്: സണ്ണി കരിമറ്റം ചങ്ങനാശേരി
ചൊവ്വാഴ്ച ഉച്ചയോടെ പാലാ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം കൊണ്ടുവന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കടപ്ലാമറ്റം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 3.30 ന് വയലായില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടില്‍ മൃതദേഹം എത്തിക്കും.
ബുധനാഴ്ച രാവിലെ 10 ന് വീട്ടില്‍ ശവസംസ്കാര ശുശ്രൂഷകള്‍ തുടങ്ങും. 10.30 ന് വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍ പൊതുദര്‍ശനത്തിന് ശേഷം ശവസംസ്കാരം. ശവസംസ്കാര ചടങ്ങുകള്‍ക്ക് ശേഷം സണ്‍ഡേ സ്കൂള്‍ അങ്കണത്തില്‍ അനുശോചന യോഗം ചേരും.
Also Read » ബസ്സിനടിയിൽ വീണ യുവതിയെ സമയോചിതമായ നീക്കത്തിലൂടെ രക്ഷിച്ച നാരായണൻ നമ്പൂതിരിക്ക് അഭിനന്ദന പ്രവാഹം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.