രാമപുരം: വ്യത്യസ്തതയാര്‍ന്ന മനോഹരമായ പൂക്കള്‍ കൊണ്ട് കമനീയമായ ഒരു കൊച്ച് തപാല്‍ ഓഫീസ് കാണണമെങ്കില്‍ നിങ്ങള്‍ മേതിരി ഗ്രാമത്തിലേയ്ക്ക് വരു.
കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലെ ഉള്‍നാടന്‍ ഗ്രാമമായ മേതിരി എന്ന സ്ഥലത്തെ ബ്രാഞ്ച് പോസ്റ്റ് ഓഫീസാണ് ഒരു ചെറിയ ഉദ്യാനമായി മാറ്റിയിരിക്കുന്നത്. തിരുഹൃദയ ചെടികള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ഥങ്ങളായ ഇലച്ചെടികളാണ് ഈ ഓഫീസിനെ വര്‍ണ്ണാഭമാക്കുന്നത്. ദേശീയ പതാകയുടെ നിത്തിലുള്ള പൂചട്ടികളിലാണ് ചെടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
പുറമെയുള്ള മനോഹാരിത മാത്രമല്ല ഈ ഓഫീസിന്റെ ആകര്‍ഷണീയത. മനോഹരമായ പെയിന്റിങ്ങും ഓഫീസ് ഡോക്യുമെന്റുകള്‍ ഫോള്‍ഡര്‍ ഫയലുകളില്‍ സൂക്ഷിച്ചിരിക്കുന്നതിന് പുറമെ ഇവിടെ എത്തുന്നവര്‍ക്ക് ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍ സൗജന്യമാണ്. കൊറോണക്കാലം കഴിഞ്ഞെങ്കിലും സാനിറ്റൈസറും യഥേഷ്ടമാണ്. ഇടപാടുകാര്‍ക്ക് ഇഷ്ടംപോലെ ഉപയോഗിക്കുവാന്‍ വിവിധ നിറത്തിലുള്ള ധാരാളം പേനകള്‍ പെന്‍ സ്റ്റാന്റില്‍ തന്നെ സ്ഥാപിച്ചിരിക്കുന്നു.
പോസ്റ്റ് ഓഫീസിന്റെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുവാന്‍ ഇവിടേയ്ക്ക് എത്തുന്നവര്‍ നിരവധിയാണ്. പൂര്‍ണ്ണമായും ഗ്രാമീണ അന്തരീക്ഷത്തിലുള്ള പ്രദേശമാണ് മേതിരി. പാലാ - കൂത്താട്ടുകുളം റോഡില്‍ അമനകരയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം ഉള്‍പ്രദേശത്തായിട്ടാണ് ഈ ഓഫീസ് സ്ഥിതിചെയ്യുന്നത്. രാമപുരം ബസാര്‍ പോസ്റ്റ് ഓഫീസിന്റെ ബ്രാഞ്ച് ഓഫീസാണ് ഇത്.
പ്രശസ്തമായ നാലമ്പലങ്ങളില്‍ ഒന്നായ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ കൊച്ച് പോസ്റ്റ് ഓഫീസ് കഴിഞ്ഞ നാലമ്പല ദര്‍ശന തീര്‍ത്ഥാടന കാലത്ത് ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പോസ്റ്റ് മാസ്റ്റര്‍ മായ പി.റ്റി. പ്രത്യേക താല്‍പര്യമെടുത്താണ് ഈ ഓഫീസ് മനോഹരമാക്കിയത്. പോസ്റ്റുമാന്‍ രാജന്‍ കെ. ഉള്‍പ്പെടെ രണ്ട് ജീവനക്കാരാണ് ഈ ഓഫീസിലുള്ളത്. രാവിലെ 10 മുതല്‍ 1 വരെയാണ് ഓഫീസിന്റെ പ്രവര്‍ത്തന സമയം.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.