രാമപുരം: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി തൂണുകളില്‍ ബൂത്തുകള്‍ തയ്യാറായിരിക്കുന്നു. എന്നാൽ എന്തു വിശ്വസിച്ച് ഇവിടെ നമ്മൾ വാഹനങ്ങൾ ചാർജ് ചെയ്യും?. രാമപുരം - പാലാ റോഡിൽ രാമപുരം മൈക്കിൾ പ്ലാസാ കൺവെൻഷൻ സെന്ററിന് മുൻഭാഗത്ത് റോഡ് സൈഡിലെ വൈദ്യുതി തൂണിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് ബൂത്തിലാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജു ചെയ്യുവാൻ ആളുകൾ മടിക്കുന്നത്. ഇവിടെ സമീപ സ്ഥലങ്ങളിലും വൈദ്യുതി തൂണിന്റെ ചുറ്റിലും കാടുപിടിച്ച അവസ്ഥയാണ്. ഏകദേശം മുട്ടോളം ഉയരത്തിലാണ് കൂവ അടക്കമുള്ള കാട്ടുചെടികളും വള്ളിപ്പടർപ്പുകളും ഇവിടെ തഴച്ചുവളർന്ന് നിൽക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുവാനായി ആളുകൾ എത്തുമ്പോൾ കാട്ടുചെടികൾ കാരണം ഇവിടെ വാഹനം ഒതുക്കുവാൻ പോലും കഴിയുന്നില്ല. മാത്രവുമല്ല പാമ്പ്, എലി തുടങ്ങിയ ജീവികളുടെ ആക്രമണം ഭയന്നും ഇപ്പോൾ ആരും ഇവിടെ എത്താറില്ല എന്നതാണ് വസ്തുത. ഏകദേശം അഞ്ച് മാസങ്ങൾക്ക് മുമ്പാണ് കെ എസ് ഇ ബി ഇവിടെ ചാർജ്ജിംഗ് ബൂത്ത് സ്ഥാപിച്ചത്.
കൂടാതെ പാലാ നിയോജക മണ്ഡലത്തിൽ പാലാ ഞ്ഞൊണ്ടിമാക്കൽ, വെള്ളാപ്പാട് എന്നീ ഭാഗങ്ങളിലും ചാർജിംഗ് ബൂത്തുകൾ സ്ഥാപിച്ചിരുന്നു.
ആദ്യ ഘട്ടം എന്ന നിലയിൽ ഓട്ടോറിക്ഷയും, സ്കൂട്ടറും ചാർജ് ചെയ്യാവുന്ന തരത്തിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ട് വാഹനങ്ങൾ ചാർജു ചെയ്യുവാനും സാധിക്കും. ജി പി എസ് മുഖാന്തരം ബൂത്തിന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ചാര്‍ജ് ചെയ്യുകയും, ചാര്‍ജിങ്ങിന് പണം നല്‍കുന്നത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലുമാണ്. എത്ര സംവിധാനങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും പരിസരം മുഴുവനും കാടുകയറിയ അവസ്ഥയായതിനാൽ ആരും ഇങ്ങോട്ടേയ്ക്ക് എത്താൻ കൂട്ടാക്കുന്നില്ല.
മാത്രവുമല്ല നല്ല വളവോടുകൂടിയ ഭാഗമായ ഇവിടം കാടുകയറിയതിനാൽ വാഹനങ്ങൾ ഒതുക്കി പാർക്ക് ചെയ്യാൻ കഴിയാത്തതും അപകടം ക്ഷണിച്ചുവരുത്തും. കെ എസ് ഇ ബി അധികൃതൽ നിരന്തരമായി ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും കാട് വെട്ടിത്തെളിക്കുവാൻ ഇവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. ഭയം കൂടാതെയും അപകടം ഉണ്ടാകാതെയും വാഹനം ചാർജ് ചെയ്യുവാനുള്ള അവസരം ഉണ്ടാക്കുവാൻ എത്രയും വേഗം കെ എസ് ഇ ബി അധികൃതർ തയ്യാറാകണമെന്ന് ഇവിടുത്തെ നാട്ടുകാർ ആവശ്യപ്പെട്ടു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.