കാണക്കാരി: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി. കാണക്കാരി അമ്പലപ്പടിക്ക് സമീപം വെട്ടിക്കൽ പ്രദീപാണ് ഭാര്യ മഞ്ജുവിന്റെ രണ്ട് കൈകളും വെട്ടിയത്. മഞ്ജുവിന്റെ ഒരു ഒരു കൈ വെട്ടേറ്റ് മുറിഞ്ഞ നിലയിലും ഒരു കൈയിലെ വിരലുകൾ അറ്റുപോയ നിലയിലുമാണ്. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മഞ്ജുവിനെ ഇപ്പോൾ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ഇന്നു രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ഭാര്യ മഞ്ജുവുമായി വഴക്കിട്ട പ്രദീപ് വാക്കത്തി ഉപയോഗിച്ച് മഞ്ജുവിന്റെ ഇരു കൈകളും വെട്ടുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ പത്തു വയസ്സുള്ള ഇളയ മകൾക്കും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ് ദേഹമാസകലം രക്തത്തിൽ കുളിച്ച മഞ്ജു സമീപത്തെ വീട് ലക്ഷ്യമാക്കി ഓടുകയായിരുന്നു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും വാർഡ് മെമ്പർമാരായ അരവിന്ദാക്ഷൻ, അനിൽ കുമാർ എന്നിവരും ചേർന്ന് മഞ്ജുവിനെ ഓട്ടോ റിക്ഷയിൽ കയറ്റി മെഡിക്കൽ കോളേജിലാക്കുകയായിരുന്നു. ഭർത്താവ് പ്രദീപ് ഉഴവൂർ ഭാഗത്തേയ്ക്ക് ബൈക്കിൽ കടന്നതായാണ് റിപ്പോർട്ട്. കുറച്ച് നാളുകളായി പ്രദീപും ഭാര്യ മഞ്ജുവും തമ്മിൽ വഴക്ക് പതിവാണ്. മദ്യപാനിയായ പ്രദീപ് മഞ്ജുവിനേയും മക്കളേയും സ്ഥിരമായി ഉപദ്രവിക്കാറുള്ളതായി സമീപവാസികൾ പറഞ്ഞു.
പല തവണ പോലീസ് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയയച്ചിരുന്നു. ഇനി മദ്യപിക്കില്ലെന്നും എന്റെ ഭാഗത്തു നിന്ന് ഉപദ്രവം ഉണ്ടാകില്ലെന്നും പോലീസിനോട് ആണയിട്ട് പറയുകയും ചെയ്യും. പതിമൂന്ന് വയസ്സുള്ള ആൺകുട്ടിയും പത്ത് വയസ്സുള്ള പെൺകുട്ടിയുമാണ് ഇവർക്കുള്ളത്. കുറവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Also Read » യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.