രാമപുരം: പാലാ - രാമപുരം റോഡിൽ ചക്കാമ്പുഴ നിരപ്പ് കണിയാകുളം വളവിൽ ഹെൽത്ത് സെന്ററിന് സമീപം മാലിന്യം തള്ളിയ സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്തി രാമപുരം ഗ്രാമപഞ്ചായത്ത് 25000 രൂപ പിഴയടപ്പിച്ചു. ഒക്ടോബർ 8 ശനിയാഴ്ച അർദ്ധരാത്രിയ്ക്കാണ് ഈ ഭാഗത്ത് ഒരു ടോറസ് വാഹനത്തിൽ കൊള്ളുംവിധം മാലിന്യം ഇവിടെ തള്ളിയത്. ചത്ത പൂച്ചയും എലിയും ചീഞ്ഞളിഞ്ഞ പല മൃഗങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
അസഹ്യമായ ദുർഗ്ഗന്ധം സമീപവാസികളേയും കാൽനടയാത്രക്കാരേയും ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടർന്ന് സമീപവാസികൾ രാമപുരം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരും പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും സംഭവ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് രേഖപ്പെടുത്തിയ ശേഷം പരാതി രാമപുരം പോലീസിന് കൈമാറി.
പഞ്ചായത്ത് സെക്രട്ടറിയും പോലീസും ചേർന്ന് സംഭവ സ്ഥലത്തുള്ള സി സി ടി വികളുടെ പരിശോധനയിൽ ശനിയാഴ്ച അർദ്ധരാത്രി ഒരു ടോറസ് വന്നതായി ബോധ്യപ്പെടുകയും വാഹനത്തിന്റെ വ്യക്തമല്ലാത്ത രീതിയിൽ ഒരു നമ്പരും ലഭിച്ചിരുന്നു. മാലിന്യത്തിൽ നിന്നും ലഭിച്ച ഒരു എറ്റിഎം കാർഡ്, ദന്താശുപത്രിയിലെ ബില്ല്, ഹെൽത്ത് ഇൻഷ്വറൻസ് രസീത്, കൊറിയർ സർവ്വീസിന്റെ കവർ തുടങ്ങി പല രേഖകളും ലഭിച്ചിരുന്നു.
കൊറിയർ സർവ്വീസിന്റെ കവറിൽ സാധനം ലഭിക്കേണ്ട ആളുടെ അഡ്രസ്സും ഫോൺ നമ്പരും ഉണ്ടായിരുന്നത് പ്രതികളെ കണ്ടെത്താൻ ഏറെ സഹായിച്ചു. കവറിലുണ്ടായിരുന്ന നമ്പരിലേയ്ക്ക് പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഈ കവറും മറ്റു പ്ലാസ്റ്റിക് വേസ്റ്റുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ ഹരിത കർമ്മസേനയ്ക്ക് അവർ കൈമാറിയതാണെന്ന് അറിഞ്ഞത്.
തുടർന്ന് പഞ്ചായത്ത് സെകട്ടറി മുനിസിപ്പൽ സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടു. തരം തിരിച്ചതും തിരിക്കാത്തതുമായ വെയിസ്റ്റുകൾ പത്തനംതിട്ട സ്വദേശി ക്രിസ്റ്റഫർ ജോസഫിന്റെ സ്വകാര്യ ഏജൻസിയ്ക്ക് കരാർ വ്യവസ്ഥയിൽ നൽകിയിട്ടുള്ളതാണെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. ടോറസിന്റെ നമ്പരും സെക്രട്ടറിയ്ക്ക് നൽകി. ഇന്ന് വൈകുന്നേരം 4 മണിയോടുകൂടി മറ്റൊരു ടോറസിൽ മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യുവാനായി പ്രതികൾ പറഞ്ഞയച്ചവർ സംഭവ സ്ഥലത്തെത്തി.
സമീപവാസികൾ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും രാമപുരം പോലീസും സംഭവസ്ഥലത്തെത്തി. 25000 രൂപ പഞ്ചായത്തിലേയ്ക്ക് പിഴ അടപ്പിച്ചശേഷം മാലിന്യം മുഴുവനും ടോറസിൽ കയറ്റിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു.
രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, സെക്രട്ടറി മാർട്ടിൻ ജോർജ്ജ്, രാമപുരം പോലീസ് എസ് ഐമാരായ ജയൻ കെ ബി, ജോബി, വാർഡ് മെമ്പർ ആൽബിൻ അലക്സ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിന്ധു പി മറ്റം, ക്ലാർക്ക് ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സംഭവസ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്. പഞ്ചായത്ത് സെക്രട്ടി മാർട്ടിൻ ജോർജ്ജിന്റെയും രാമപുരം പോലീസിന്റേയും അവസരോചിതമായ ഇടപെടലാണ് പ്രതികളെ ഇത്ര വേഗം പിടികൂടാനായതെന്ന് ഇവിടുത്തെ സമീപവാസികൾ പറഞ്ഞു.
Also Read » കാണാതായ താമരശ്ശേരി സ്വദേശിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.