പാലാ : സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അടച്ചാക്ഷേപിക്കുമ്പോള്‍ ശശി തിരൂരിന് പിന്തുണയുമായി പാലായില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയർന്നു. ബോര്‍ഡിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. പാലാ കൊട്ടാരമറ്റം ജംഗ്ഷനിലും കുരിശുപള്ളി കവലയിലെ റൗണ്ടാനയിലുമാണ് ഫ്‌ളക്‌സ് ബോര്‍ഡ് ഇന്നലെ രാവിലെ മുതല്‍ സ്ഥാനം പിടച്ചത്. കോണ്‍ഗ്രസിന്റെ രക്ഷക്ക്, രാജ്യത്തിന്റെ നന്മക്ക്, ശശി തരൂര്‍ വരട്ടെ എന്നതാണ് തരൂരിന്റെ ചിത്രം വച്ചുള്ള ഫ്‌ളക്‌സിന്റെ ഉള്ളടക്കം.
എന്നാല്‍ ഫ്‌ളക്‌സ് ബോര്‍ഡിനോട് അനുകൂലിക്കുന്ന നിലപാടാണ് പാലായിലെ കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തുന്നത് എന്നതാണ് വിചിത്രം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനും കര്‍ണ്ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ പ്രമുഖരുടെയെല്ലാം പിന്തുണ ഖാര്‍ഗ്ഗെക്ക് പ്രഖ്യാപിച്ചെങ്കിലും പാലായിലെ സംസ്ഥാന നേതൃത്വത്തെ പിന്തള്ളി തരൂരിന് പിന്തുണ അറിയിച്ചിരിക്കുന്നത് കൗതുകത്തോടെയാണ് രാഷ്ട്രീയ നേതൃത്വം വിലയിരുത്തുന്നത്.
സംസ്ഥാന നേതൃത്വത്തിന് വിപരീതമായ ചിന്തയാണ് എന്നും പാലായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുലര്‍ത്തിയിട്ടുള്ളത്. അത് ഓരോ പ്രവര്‍ത്തകന്റെയും അവകാശവുമാണ്.
സാധാരണക്കാരായ പ്രവര്‍ത്തകര്‍ തരൂരിന്റെ നേതൃത്വം ആഗ്രഹിക്കുന്നു, അവരുടെ വികാരമാണ് ഫ്‌ളക്‌സില്‍ പ്രതിഫലിക്കുന്നതെന്നും പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് അഭിപ്രായപ്പെട്ടു. സംസ്ഥാന നേതൃത്വം പിന്തുണ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല.
കൂടാതെ പ്രമേയവും പാസാക്കിയിട്ടില്ല. അതിനാല്‍ പ്രവര്‍ത്തകരുടെ വികാരമായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാലായിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല ബോര്‍ഡ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ അറിവോടെയല്ല പാലായിലെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിക്കുന്നതെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചൊള്ളാനിയും പറഞ്ഞു.
ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം പ്രതിഫലിപ്പിക്കുന്നതാണ് ഫ്‌ളക്‌സ്. ജനാധിപത്യ പ്രക്രിയയില്‍ ഇത് സ്വാഭാവികമാണ്. എന്നാല്‍ ഇതേ നിലപാട് നേതാക്കള്‍ക്കില്ലെന്നും ചൊള്ളാനി അഭിപ്രായപ്പെട്ടു. പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ടോമി കല്ലാനിയാണ് വോട്ട് രേഖപ്പെടുത്തുന്നത്.
Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.