പാലാ: പാലാ കിടങ്ങൂര്‍ കട്ടച്ചിറയില്‍ അറുപത്തി നാലുകാരനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി. പുന്നത്തുറ മാമ്മൂട്ടില്‍ കൃഷ്ണന്റെ മകന്‍ കുഞ്ഞുമോനാണ് (64) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ കട്ടച്ചിറ രതീഷ് ഭവനില്‍ രവീന്ദ്രന്‍ നായരെ (രവി) കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കട്ടച്ചിറ കാണിക്കമണ്ഡപത്തിന്റെ സമീപം ആറ്റുമാരിയിലേക്കുള്ള വഴിയിലെ കൃഷിയിടത്തില്‍ ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ് കൊലപാതകം നടന്നത്. മരണമടഞ്ഞ കുഞ്ഞുമോന്‍ പാട്ടകൃഷി നടത്തിയിരുന്ന സ്ഥലത്ത് ചേനവിളവെടുക്കുന്നതിന് ഇടയിലാണ് സമീപവസിയുമായ രവിയുമായി വാക്കേറ്റമുണ്ടായത്.
രവീന്ദ്രന്‍ നായര്‍ കൊണ്ടുവന്ന ജോലിക്കാരനെ കുഞ്ഞുമോന്‍ വിളിച്ചുകൊണ്ടുപോയി എന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന രവി സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുഞ്ഞുമോനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
വിളവെടുപ്പിന്റെ ഇടയില്‍ പുരയിടത്തില്‍ നിന്ന് വാക്കേറ്റം ഉണ്ടായ കാര്യം സമീപവാസികള്‍ പോലീസിനെ വിളിച്ചു അറിയിച്ചിരുന്നു. പോലീസ് എത്തിയപ്പോളാണ് കുഞ്ഞുമോനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി രവീന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥി, കിടങ്ങൂര്‍ എസ്എച്ച്ഒ കെ.ആര്‍. ബിജു, എസ്‌ഐ കുര്യന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
രവി സമീപത്ത് പാട്ടകൃഷി നടത്തുന്ന കുഞ്ഞുമോനുമായി വാക്കേറ്റം പതിവായിരുന്നു എന്നും സമീപവാസികള്‍ പറയുന്നു. കെ എസ് ഇ ബിയില്‍ കരാര്‍ ജീവനക്കാരന്‍ ആയിരുന്നു പ്രതിയായ രവിന്ദ്രന്‍ നായര്‍. ഇപ്പോള്‍ കട്ടച്ചിറയിലെ വീട്ടില്‍ ഇയാള്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. മൃതദേഹം കിടങ്ങൂരിലെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍.
കുഞ്ഞുമോന്റെ ഭാര്യ അമ്മിണി പിറയാര്‍ കളരിക്കല്‍ കുടുംബാംഗമാണ്. ജയശ്രീ, ശ്രീകുമാര്‍ എന്നിവർ മക്കളും, ഏറ്റുമാനൂര്‍ സതിമന്ദിരം അനില്‍ മരുമകനുമാണ്. സംസ്‌കാരം ബുധനാഴ്ച പകൽ 11ന് വീട്ടുവളപ്പില്‍ നടക്കും.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.