തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണു കിറ്റിലുള്ളത്.
കിറ്റിലുള്ള സാധനങ്ങൾ:
കശുവണ്ടിപ്പരിപ്പ്- 50 ഗ്രാം, മില്‍മ നെയ്യ്- 50 മി.ലി, ശബരി മുളക്‌പൊടി-100 ഗ്രാം, ശബരി മഞ്ഞള്‍ പൊടി- 100 ഗ്രാം, ഏലയ്ക്ക- 20 ഗ്രാം, ശബരി വെളിച്ചെണ്ണ- അര ലിറ്റര്‍, ശബരി ചായപ്പൊടി-100 ഗ്രാം, ശര്‍ക്കരവരട്ടി/ചിപ്‌സ്-100 ഗ്രാം, ഉണക്കലരി-500 ഗ്രാം, പഞ്ചസാര- ഒരു കിലോ, ചെറുപയര്‍-500 ഗ്രാം, തുവരപ്പരിപ്പ്-250 ഗ്രാം, പൊടിയുപ്പ്- ഒരു കിലോ, തുണി സഞ്ചി-ഒന്ന്.
വിതരണം ഇങ്ങനെ:
എ എ വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യും. 25, 26, 27 തീയതികളില്‍ പി എച്ച് എച്ച് (പിങ്ക്) കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ എന്‍ പി എസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ എന്‍ പി എന്‍ എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ നല്‍കും.
നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ലഭിക്കും. ഞായറാഴ്ചയായ നാലിനു റേഷന്‍ കടകള്‍ക്കു പ്രവൃത്തി ദിവസമാണ്. ഏഴിനു ശേഷം കിറ്റ് വിതരണം ഉണ്ടാകില്ല.
119 ആദിവാസി ഊരുകളില്‍ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വാതില്‍പ്പടിയായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും. കാര്‍ഡുടമകള്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്നുതന്നെ കിറ്റുകള്‍ കൈപ്പറ്റാന്‍ ശ്രദ്ധിക്കണം. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
ഇത്തവണ 87 ലക്ഷം ഭക്ഷ്യക്കിറ്റുകളുടെ വിതരണം നടക്കുമെന്നാണ് പ്രതീക്ഷ. സപ്ലൈകോയുടെ 56 ഡിപ്പോകള്‍ കേന്ദ്രീകരിച്ച് 1400-ല്‍ പരം സെന്ററുകളില്‍ പാക്കിങ് പുരോഗമിക്കുകയാണ്. ഇന്നു രാവിലത്തെ കണക്കനുസരിച്ച് 57 ലക്ഷം കിറ്റുകള്‍ തയാറായി.
കിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം 22നു വൈകീട്ടു നാലിനു തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം അന്നേദിവസം ജില്ലാ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വഹിക്കും.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.