രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് നടത്തിയ സ്വാതന്ത്യദിനാഘോഷ ചടങ്ങുകളോട് അനുബന്ധിച്ച് ദേശീയ പതാകയോട് അനാദരവ് കാട്ടി എന്ന് സമൂഹ മാധ്യമങ്ങളിൽ വന്ന ആരോപണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് എന്നിവർ അറിയിച്ചു. രാമപുരം ടൗണിൽ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ വർണാഭമായ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചതിൽ വിറളി പൂണ്ട ചില തല്പര കക്ഷികളാണ് അടിസ്ഥാന രഹിതമായ ആരോപണത്തിന് പിന്നിൽ.
രാമപുരം ടൗണിൽ സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന പഞ്ചായത്തിന്റെ കൊടിമരത്തിൽ ത്രിവർണ്ണ നിറത്തിലുള്ള തോരണം കെട്ടി അലങ്കരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന് വേണ്ടി കൊടിമരത്തിന്റെ പിന്നിൽ നിന്നുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. രാമപുരം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ കാണാത്തത്ര വലിയതോതിലുള്ള പൊതുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ചടങ്ങുകളാണ് ഭാരതത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെയും, വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടത്.
അതേസമയം ആക്ഷേപം ഉന്നയിക്കുന്ന തൽപ്പരകക്ഷികൾ തന്നെയാണ് രാമപുരം ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള യൂത്ത്കോൺഗ്രസ് (ഐ) എന്ന് എഴുതിയിട്ടുള്ള കൊടിമരത്തിൽ എഴുത്തിന് താഴെയായി ദേശീയ പതാക ഉയർത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യുവാൻ പാടില്ല എന്ന ഉത്തരവ് നിലനിൽക്കെയാണ് രാഷ്ട്രീയ പാർട്ടിയുടെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയിട്ടുള്ളത്. ഇത് വ്യക്തമായ അനാദരവും ദേശീയ പതാകയോടുള്ള അവഹേളനവുമാണ്. ഈ പ്രവൃത്തി കാണാതെയും അതിനെതിരെ പ്രതികരിക്കാത്തതും ഗ്രാമപഞ്ചായത്തിന്റെ മനോഹരമായ ആഘോഷ ചടങ്ങുകളുടെ ശോഭ കെടുത്തുക എന്ന വിലകുറഞ്ഞ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി മാത്രമാണെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.
Also Read » കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നൽകിയതിനെന്ന് ആരോപണം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.