പാലാ: കനത്ത മഴയിൽ ഒഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടക്കുന്നത് കടപ്പാട്ടൂരിൽ നാട്ടുകാരെ വലയ്ക്കുന്നു. കടപ്പാട്ടൂരിൽ ടൗൺ റിങ് റോഡിന് സമാന്തരമായുള്ള പഴയ റോഡിലും പരിസരത്തും താമസിക്കുന്നവരാണ് ബുദ്ധിമുട്ടിലാകുന്നത്.
ഉയർത്തി നിർമിച്ചിരിക്കുന്ന റിങ് റോഡിന് സമീപത്തുനിന്ന് വെള്ളമിറങ്ങിപ്പോകാൻ ആവശ്യത്തിന് കലുങ്കുകളില്ലാത്തതാണ് ഇവിടെ വെള്ളം കെട്ടിനിൽക്കാൻ കാരണം. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഏറ്റവും ദുരിതത്തിലാകുന്നത് ഈ പ്രദേശത്തുള്ളവരാണ്. മുത്തോലി പഞ്ചായത്ത് ആറാംവാർഡിലാണ് ഈ ദുരിതം. ഇപ്പോൾ ശക്തമായ മഴയുണ്ടായാലും ഈഭാഗത്ത് ആഴ്ചകളോളം വെള്ളം കെട്ടിനിൽക്കും.
ഇതിലൂടെ വാഹനങ്ങൾക്കും യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സമീപത്തുള്ള പറമ്പുകളിലും വീടുകൾക്കുചുറ്റും വെള്ളം കെട്ടിനിൽക്കുകയാണ്. കൊതുകും മറ്റു കീടങ്ങളും മുട്ടയിട്ട് പെരുകി സാംക്രമിക രോഗങ്ങൾ പിടിപെടാനും സാധ്യതയേറെയാണ്.
വെയിൽ തെളിഞ്ഞ് വെള്ളം തനിയേ വറ്റിപ്പോയാൽമാത്രമേ ഇതിലൂടെയുള്ള സഞ്ചാരം സാധ്യമാവുകയുള്ളൂ. നടക്കാൻപോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. 150 വീട്ടുകാർ ഇതുമൂലം ബുദ്ധിമുട്ടിലാണ്. ഇവിടെ വീടുകൾകൂടാതെ നിരവധി ഹോസ്റ്റലുകളും ഹോംസ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. നിരവധി ആളുകളാണ് ഇതിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ പോകുന്നത്.
ഈഭാഗത്ത് ആവശ്യത്തിന് കലുങ്ക് നിർമിച്ച് വെള്ളം ഒഴുകിപ്പോകാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.