തിരുവനന്തപുരം: രാജ്യത്തെ ചെറുകിട നാമമാത്ര കർഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബർ ഒന്നുമുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പി എം കിസാൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകർക്ക് വർഷത്തിൽ മൂന്നു തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.
കാർഷിക മേഖലയുടെ വികസനത്തിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ഡിജിറ്റൽ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പി എം കിസാൻ പദ്ധതിയിൽ അംഗങ്ങളായ എല്ലാ കർഷകരുടേയും ഒരു സംയുക്ത ഡാറ്റാബേസ് (ഫെഡറേറ്റഡ് ഫാർമർ ഡാറ്റാ ബേസ് ) രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ഓരോ പി എം കിസാൻ ഗുണഭോക്താവും അവരവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ കൂടി സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന കൃഷിവകുപ്പിലെ "എയിംസ്" (AIMS) പോർട്ടലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പിഎം കിസാൻ അനുകൂല്യം തുടർന്ന് ലഭ്യമാക്കുന്നതിനായി എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും 2022 ജൂലൈ 31നു മുൻപായി എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ അടിയന്തരമായി ചേർക്കേണ്ടതാണ്.
കൂടാതെ പിഎം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് e- KYC നിർബന്ധമാക്കിയിട്ടുണ്ട്. ആയതിനാൽ എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും 2022 ജൂലൈ 31നു മുൻപായി നേരിട്ട് പി എം കിസാൻ പോർട്ടൽ വഴിയോ അക്ഷയ സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ e-KYC ചെയ്യേണ്ടതാണെന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഓഫീസർ അറിയിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.