അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രായോഗികതലത്തിൽ സാധാരണ വിദ്യാർഥികൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നീതി ആയോഗ് ആരംഭിച്ച പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ് ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നു. കേന്ദ്രസർക്കാർ 20 ലക്ഷം രൂപ മുടക്കി ഒരുക്കിയിട്ടുള്ള ലാബ് 2022 ജനുവരി 15ന് രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട ഗോവ സംസ്ഥാന ഗവർണർ പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.
രാജ്യസഭാ എം.പി. ജോസ് കെ മാണി മുഖ്യപ്രഭാഷണം നടത്തും. അടൽ ടിങ്കറിംഗ് ലാബ് നോഡൽ ഹബ് പ്രഖ്യാപനം പാലാ എം.എൽ.എ മാണി സി കാപ്പൻ നിർവഹിക്കും. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാ രാജു, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എസ്. ലളിതാംബിക, കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
എന്താണ് അടൽ ടിങ്കറിംഗ് ലാബ്?
രാജ്യത്ത് അതിവേഗം വളരുന്ന ലോകത്തിനനുസൃതമായി നവീനചിന്തകളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അടൽ ഇന്നവേഷൻ മിഷന്റെ (AIM) ഭാഗമായി രാജ്യത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ആരംഭിക്കുന്ന ലാബുകളാണ് അടൽ ടിങ്കറിങ് ലാബ് (ATL). വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവവും ജിജ്ഞാസയും വളർത്തി അവരുടെ ഉള്ളിലെ കഴിവുകൾ കണ്ടെത്തി ഭാവിയുടെ സംരംഭകരെ സൃഷ്ടിക്കുക എന്ന ഉദ്ദേശലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്. 6 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കളികളിലൂടെ ശാസ്ത്രവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് അവരുടെയും ചിന്തയും ഭാവനയും ഉണർത്തി നൂതനാശയങ്ങളും കണ്ടുപിടുത്തങ്ങളും നടത്താനും അതുവഴി രാജ്യത്തിന്റെ ഭാവിമുതൽക്കൂട്ടുകളാകാനും വഴിയൊരുക്കുന്ന പ്രവർത്തന സ്ഥലമാണിത്.
സ്വയം പ്രവർത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ സയൻസ്, ഇലക്ട്രോണിക്സ് & റോബോട്ടിക്സ് കിറ്റുകൾ, സ്വതന്ത്ര മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, ഡ്രോണുകൾ, ടെലിസ്കോപ്പുകൾ, കമ്പ്യൂട്ടറുകൾ മുതലായവ ഉൾപ്പെട്ടതാണ് റ്റിങ്കറിംഗ് ലാബ്. മീറ്റിംഗ് റൂമുകളും വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങളും വഴി വിവിധ മേഖലകളിലെ പ്രൊഫഷണലുകളിൽ നിന്ന് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും.
വിദ്യാർഥികളിൽ ജിജ്ഞാസയും കമ്പ്യൂട്ടേഷണൽ ചിന്തയും ശാസ്ത്രീയമനോഭാവവും അഭിരുചിയും വളർത്തുന്ന തരത്തിൽ റോബോട്ടിക്സ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, I0T (ഇൻറർനെറ്റ് ഓഫ് തിങ്സ്) തുടങ്ങിയ ആധുനിക ശാസ്ത്ര മേഖലകളിൽ പരിശീലനം നടത്താം. നിശ്ചിത സിലബസ്സനുസരിച്ച് കൃത്യമായ ആസൂത്രണത്തോടെ വിദഗ്ദ്ധർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
മാത്രമല്ല അടൽ ടിങ്കറിംഗ് ലാബുകളിലൂടെ രാജ്യത്തുടനീളമുള്ള യുവജനങ്ങൾക്ക് ആപ്പ് ഡെവലപ്മെന്റിന്റെ വിസ്മയസാദ്ധ്യതകൾ കൂടി തുറന്നു കൊടുക്കപ്പെടുന്നു. എ.ടി.എൽ. ആപ്പ് ഡെവലപ്മെന്റ് മൊഡ്യൂൾ എന്ന ഓൺലൈൻ കോഴ്സിലൂടെ നമ്മുടെ യുവജനങ്ങൾക്ക് വിവിധ ഇന്ത്യൻ ഭാഷകളിൽ മൊബൈൽ അപ്ലിക്കേഷനുകൾ നിർമ്മിക്കാനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും കഴിയും. കൂടാതെ സ്കൂൾ അധ്യാപകരിൽ ആപ്ലിക്കേഷൻ വികസനത്തിനുള്ള കഴിവുകൾ വളർത്തിയെടുക്കുന്നതിനും എ.ടി.എൽ. അപ്ലിക്കേഷൻ ഡെവലപ്മെന്റ് കോഴ്സിൽ പരിശീലന പദ്ധതികളുണ്ട്.
സ്കൂൾ തലത്തിലെ ലോകത്തെ തന്നെ ഏറ്റവും വലിയ ആപ്പ് പഠന-വികസന സംരംഭങ്ങളിൽ ഒന്നാണിത്.
Also Read » ഡി. പ്രസാദ് ഭക്തിവിലാസ് കേന്ദ്ര ടെലികോം അഡ്വൈസറി കമ്മിറ്റി മെമ്പറായി നിയമിതനായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.