രാമപുരം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വാക്സിൻ വിതരണം സുതാര്യമായി നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് BJP രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. BJP സംസ്ഥാന സമിതിയംഗം ശ്രീ എൻ ഹരി ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. BJP പഞ്ചായത്ത് പ്രസിഡൻ്റ് ജയൻ കരുണാകരൻ അദ്ധ്യക്ഷനായിരുന്നു.
രജിസ്ട്രേഷൻ ചെയ്ത് വരുന്ന നിരവധി ജനങ്ങൾക്ക് വാക്സിൻ കിട്ടാതെ, പിൻവാതിലിലൂടെ ചില രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരെയും പിന്തുണയോടെ സ്ഥാപിത താൽപ്പര്യത്തോടെ വിതരണം ചെയ്യുകയും അർഹതപ്പെട്ടവർക്ക് വാക്സിൻ ലഭിക്കാതെ വരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ശ്രീ എൻ ഹരി പറഞ്ഞു. സെക്കൻഡ് ഡോസ് വാക്സിനെടുക്കാൻ വരുന്ന 85 ഉം 90 ഉം ദിവസമായവരും, പ്രായമായവരും വികലാംഗരുമുൾപ്പടെയുള്ളവരും വാക്സിൻ കേന്ദ്രത്തിലെത്തി കണ്ണീരോടെ മടങ്ങുന്ന കാഴ്ച നിത്യസംഭവമാണെന്ന് ബി ജെ പി ആരോപിച്ചു.
ദിവസവും മിച്ചം വരുന്ന വാക്സിൻ സ്വജനപക്ഷപാതപരമായി രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വേണ്ടപ്പെട്ടവർക്ക് നല്കാതെ വാർഡിലെ എല്ലാ മെമ്പർ മാരെയും അറിയിച്ചു കൊണ്ട് മുൻഗണനയും അർഹതയും നോക്കി വിതരണം ചെയ്യണമെന്ന് BJP ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ പിടിവാശി അവസാനിപ്പിച്ച് എല്ലാ ജീവനുകളും വിലപ്പെട്ടതാണ് എന്ന ഉത്തമ ബോധ്യത്തോടെ പ്രവർത്തിക്കണമെന്നും ഈ മഹാമാരിക്കാലത്ത് ജനങ്ങളുടെ ജീവൻ വച്ച് പന്താടാൻ അനുവദിക്കില്ല എന്നും ഇത്തരത്തിൽ രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തിയും പക്ഷപാതപരമായും പെരുമാറിയാൽ BJP ഇതിനെ രാഷ്ട്രീയമായും ജനാധിപത്യപരമായും നേരിടുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു. ബന്ധപ്പെട്ടവർക്ക് രേഖാമൂലം പരാതി കൊടുത്തിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ബി.ജെ.പി. രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടന്നതെന്നും ബി ജെ പി കൂട്ടിച്ചേർത്തു.
പ്രതിഷേധ ധർണ്ണയിൽ പഞ്ചായത്ത് മെമ്പർമാരായ കവിത മനോജ്, രജി ജയൻ, സുശീലാകുമാരി നിയോജകമണ്ഡലം ട്രഷറർ ദീപു മേതിരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ നായർ, കമ്മിറ്റി അംഗം പ്രകാശ് മംഗലത്തിൽ എന്നിവരും പങ്കെടുത്തു.
Also Read » രാമപുരം - കൂത്താട്ടുകുളം റോഡ് : കുഴികളടച്ചു ബിജെപി പ്രതിഷേധം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.