കൽസറായും തുണിസഞ്ചിയുമിട്ട് ഇനി അയാൾ രാമപുരം കവലയിൽ ഉണ്ടാവില്ല : ഔതകുട്ടിച്ചായന്റെ ഓർമ്മകൾ

Avatar
Web Team | 13-05-2021

409-1620894876-joseph-laly

രാമപുരത്തിന്റെ ഗാംഭീര്യമാർന്ന ഒരു വ്യക്തിത്വവും കൂടി നമ്മോടു വിടപറഞ്ഞു. രാമപുരംകാർ സ്നേഹപൂർവ്വം ഔതകുട്ടിച്ചേട്ടൻ എന്നും , ഇത്തിരി അടുപ്പകൂടൂതൽ ഉള്ളവർ ഔതകുട്ടിച്ചായൻ എന്നും വിളിച്ചിരുന്ന ഊടുപുഴയിൽ യു. എ. ജോസഫ് എന്ന "മനുഷ്യൻ" ഇനി ഒരു ഓർമ്മ.

വെട്ടിയൊരുക്കിയ വലിയ കൊമ്പൻ മീശയും വച്ച് നീളമുള്ള ജുബ്ബയുമിട്ട് കൽസറായിയും ധരിച്ചു തുണിസഞ്ചി തോളിലിട്ടു രാമപുരത്തിന്റെ പൊതുസ്ഥലങ്ങളിൽ കൂടെ നടന്നു നീങ്ങുന്ന അജാനുബാഹുവായ ഔതകുട്ടിച്ചായൻ, രാമപുരം കവലയിലെ ഒരു സ്ഥിരം കാഴ്ച്ച തന്നെ ആയിരുന്നു എന്ന് നിസംശയം പറയാം. എഴുപതുകളിലെ രാമപുരത്തിനു ആ വസ്‌ത്രധാരണ രീതി അത്ര പരിചിതം ആയിരുന്നില്ല. അതിനാൽ തന്നെ പെട്ടെന്നു തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു കാഴ്ച ആയിരുന്നത്.

വസ്‌ത്രധാരണത്തിനപ്പുറം ആരെയും കൂസാത്ത ഉച്ചത്തിൽ സംസാരിക്കുന്ന ഔതക്കുട്ടിച്ചായന്റെ തോളിൽ തൂങ്ങിക്കിടക്കുന്ന ആ സഞ്ചിയിൽ എന്നും പുസ്തകങ്ങളും വാരികകളും ആയിരിക്കും. ആ ഉച്ചത്തിലുള്ള ശബ്‌ദം ചിലർക്ക് ശകാരവും മറ്റു ചിലർക്ക് പുലമ്പലുകളും ആയിരുന്നു. രാമപുരത്തിന്റെ വീഥികളിൽ ഉയർന്നിരുന്ന ആ 'ഉയർന്ന' ശബ്ദം പലപ്പോഴും ഒരു പരിധി വരെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും സ്വരമില്ലാത്തവന്റെയും ആവശ്യങ്ങൾക്കായി പൊതുവേദികളിലും പൊതുസേവന ഇടങ്ങളിലെയും മൂർച്ചയുള്ള മുദ്രാവാക്യ ശബ്‌ദമായി മാറിയിരുന്നു...
എതിർക്കുന്നവരോട് ഉള്ള സ്വാഭാവിക പ്രതികരണങ്ങൾ ചിലപ്പോഴെങ്കിലും , പൊതുസമൂഹം കൽപിച്ചുവച്ചിരിക്കുന്ന സഭ്യതയുടെ അതിർ വരമ്പുകൾക്കപ്പുറമായിരുന്നു. എങ്കിലും കാമ്പുള്ളവയായിരുന്നു

കായികകേരളത്തിൽ രാമപുരത്തിനു അറുപതുകളിലും എഴുപതുകളിലും വോളിബാൾ മേഖലയിൽ ഒരു അപ്രമാദിത്വമുണ്ടായിരുന്ന കാലം. അതിന്റെ ചുക്കാൻ പിടിച്ചിരുന്നത് ഔതകുട്ടി ചേട്ടൻ ഉൾപ്പെട്ട ഊടുപുഴ ബ്രദേഴ്സ് ആയിരുന്നു. കേരള പോലീസിന്റെ താരമായിരുന്ന ഔതകുട്ടിച്ചേട്ടൻ, രാമപുരം ടൗണിൽ ഇന്നത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തുണ്ടായിരുന്ന ഉണ്ടായിരുന്ന വാകമരം, യാത്രികർക്ക് തണൽ നൽകിയിരുന്ന ആ വന്മരം മുറിച്ചുമാറ്റിയപ്പോൾ നഖശിഖാന്തം എതിർത്തു. അതിലൊക്കെ മുഴങ്ങിയിരുന്നത് സാധാരണക്കാരന്റെയും ഒരു പ്രകൃതിസ്‌നേഹിയുടെയും ശബ്ദമായിരുന്നു . ആരോഗ്യമുണ്ടായിരുന്ന കാലത്തു ചെടികൾ നട്ടു വളർത്തുന്നതിലും അതു മറ്റുള്ളവർക്ക് പങ്കുവെക്കുന്നതിലും സന്തോഷം കണ്ടെത്തിയിരുന്ന മനുഷ്യൻ.

മലബാർ സ്‌പെഷ്യൽ പൊലീസിലെ പരിശീലനം കൊണ്ട് ചിട്ടപ്പെടുത്തിയ സ്വഭാവവും, അനുഭവപരിചയവുമാവാം ഈ സാമൂഹ്യ ഇടപെടലുകളിൽ നിഴലിച്ചിരുന്ന കാർക്കശ്യത്തിനടിസ്ഥാനം. ഔദോഗിക ജീവിതത്തിൽ താൻ ഉയർത്തിപിടിച്ചിരുന്ന മൂല്യങ്ങൾക്കായി നിലകൊണ്ടതിന്റെ പേരിൽ തൊഴിൽപരമായി തോല്പിക്കപെട്ടവന്റെ വേദനയെന്നും ആ മനസ്സിലുണ്ടായിരുന്നു. കാലങ്ങൾക്കിപ്പുറം സഹപ്രവർത്തകർ മാപ്പപേക്ഷിച്ചയച്ച ആ എഴുത്തുകൾ കാണിച്ചപ്പോൾ നിറഞ്ഞൊഴുകിയ സങ്കടം തിങ്ങിയ ആ മനസ്സ് ആരും അറിഞ്ഞിരുന്നില്ല.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തൊട്ടടുത്ത അയൽവക്കകാരിയായി ഈ എഴുതുന്ന ആൾ താമസത്തിനെത്തിയപ്പോൾ ഈ ഉയർന്ന വ്യക്തിത്വത്തെ അടുത്തറിയാൻ എനിക്കവസരം ലഭിച്ചിരുന്നതിനാൽ, എനിക്കുണ്ടായിരുന്ന മുൻധാരണകളിൽ നിന്നും വ്യത്യസ്തനായിരുന്നു ഞാൻ അടുത്തറിഞ്ഞ ഔതക്കുട്ടിച്ചായൻ. എന്നും ഒരു വലിയ ചിരിയോടെ "പ്രൊഫൊസ്സേറെ" എന്നു വിളിക്കുന്ന സ്നേഹത്തിന്റെ , നന്മയുടെ ഒരു മരം തന്നെ ആയിരുന്നു. വ്യത്യസ്തനായ ആരും അറിയാത്ത സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്കും ദുർബലർക്കും ഓടിച്ചെല്ലാവുന്ന സ്നേഹത്തിന്റെ ഒരു താവളമായിരുന്നു.

സാമാന്യം നന്നായി തന്നെ കവിത എഴുതുന്ന, നാടിന്റെ പൊതു ആവശ്യങ്ങൾക്കും ഭാവിക്കുമായി ഉണ്ടാവേണ്ട അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് നല്ല ദീർഘവീക്ഷണമുണ്ടായിരുന്ന , സഹജീവിയുടെ വേദനകളിലും ആവശ്യങ്ങളിലും ഇടപെടലുകൾ നടത്തിയിരുന്ന നല്ല സാമൂഹ്യ അവബോധം ഉണ്ടായിരുന്ന ഒരു രാമപുരംകാരൻ. മകനും കൊച്ചുമക്കൾക്കും കൊടുക്കാനുള്ള ഉപദേശങ്ങൾ കവിതയായെഴുതി ഫോട്ടോസ്റ്റാറ്റെടുത്തു സൂക്ഷിച്ചിരുന്ന പിതാവ്.

തന്റെ കാഴ്ചപ്പാടുകളെയും നിലപാടുകളെയും കുറിച്ചു ദീർഘനേരം സംസാരിച്ചിരുന്ന, ഞാൻ എന്നും ബഹുമാനത്തോടെ അരികെ നിന്ന് സ്നേഹത്തിൽ അടുത്തറിഞ്ഞ മനുഷ്യൻ.

ഔതക്കുട്ടിച്ചേട്ടൻ നമ്മോടു വിടപറഞ്ഞു. ഉയർന്നു നിന്നിരുന്ന ആ സ്നേഹമരത്തിനു മുൻപിൽ പ്രണാമമർപ്പിച്ചു ആത്മാവിന് നിത്യശാന്തി നേരുന്നു. അവധിക്കു ചെല്ലുമ്പോൾ "ഹെലോ പ്രൊഫസറെ" എന്ന വിളിയും, നന്മയുള്ള ആ തുറന്ന ചിരിയും എന്നും ഓർമയാക്കികൊണ്ടു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഒത്തിരി സ്‌നേഹത്തോടെ , അതിലേറെ അഭിമാനത്തോടെ എന്റെ പ്രിയപ്പെട്ട ഔതകുട്ടിച്ചായന് തന്റെ സ്ഥിരമായ വാസസ്ഥലത്തേക്ക് യാത്രാമംഗളങ്ങൾ നേരുന്നു.

പ്രണാമം സഖേ…… പ്രായത്തിലും, അനുഭവജ്ഞാനത്തിലും, കാലത്തിലും മുൻപേ നടന്നവനെങ്കിലും അങ്ങിനെ വിളിക്കാനാണെനിക്കിഷ്ടം… ആ ഉയർന്ന ശബ്ദവും നല്ല മനസ്സും എന്നും ഓർമയിൽ ഉണ്ടായിരിക്കും. രാമപുരത്തിൻ്റ ചരിത്രത്തിൽ വ്യത്യസ്തമായ ആ കാല്പാടുകൾ നിശ്ചയമായും പതിഞ്ഞു കിടക്കും. ദീപ്‌ത സ്മരണകൾക്ക് മുമ്പിൽ മുൻപിൽ അന്ത്യപ്രണാമം.......

ഡോ. ലാലി ആന്റണി
രാമപുരം


Also Read » മുൻ കാല നഗരസഭാ ചരിത്രത്തിൽന്റെ ഓർമ്മകൾ പുതുക്കി ടൗൺ ഹാളിൽ ചിത്ര പ്രദർശനം.


Also Read » ഏറ്റുമാനൂർ-വൈക്കം റോഡ് കൊടുംവളവുകൾ നിവരാൻ ഇനി എത്രനാൾ കാത്തിരിക്കണം..???Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.59 MB / This page was generated in 0.0027 seconds.