രാമപുരം മാർ അഗസ്തിനോസ് കോളേജിലെ പൂർവവിദ്യാർഥി ചിത്ര തോമസ് (ബി ബി എ , 1997-2000 ബാച്ച്) യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ ഭീമനായ ടെസ്ലയുടെ ഇന്ത്യയിലെ മാനവ വിഭവശേഷി (എച്ച്ആർ) വകുപ്പ് മേധാവിയായി നിയമിക്കപ്പെട്ടു.
നിയമനവാർത്ത അറിഞ്ഞശേഷം ചിത്ര തോമസ് തന്റെ പൂർവ്വവിദ്യാലയത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഒരു വിദ്യാർത്ഥിയുടെ ഭാവി കരുപിടിപ്പിക്കുന്നത് ഒരു വിദ്യാലയവും അവിടെത്തെ സമർപ്പിതരായ അധ്യാപകരുടെയും പരിശ്രമഫലമാണെന്നു അടിവരയിട്ടു പറയുന്നു.
ചിത്ര തോമസിന്റെ സ്വന്തം വാക്കുകൾ;
രാമപുരത്തിന്റെ മനോഹരമായ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന എന്റെ മാതൃകലാലയം ഈ ലോകം അനന്തസാധ്യതകൾ നിറഞ്ഞതാണെന്ന് എനിക്ക് കാണിച്ചുതന്നു. കഠിനാധ്വാനം, വിശ്വാസം, വിനയം എന്നിവ നിങ്ങളുടെ ആങ്കർ പോയിന്റായിരിക്കണമെന്ന് അധ്യാപകർ ഞങ്ങളെ പഠിപ്പിച്ചു, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്നും നിങ്ങളെ
പരിമിതപ്പെടുത്തുന്നത് നിങ്ങളുടെ ഭാവനകൾ മാത്രമാണെന്ന് പറഞ്ഞുതന്നു. വിജെ ജോസഫ് സാറിന്റെയും ഫെലിക്സ് സാറിന്റെയും മറ്റു അധ്യാപകരുടെയും പ്രതിജ്ഞാബദ്ധതയുടെ ഫലമാണ് ബിബിഎ 2000 ബാച്ചിൽ നിന്നുമുള്ള എന്റെ വിജയം. എന്റെ കോളേജ് എനിക്ക് നൽകിയ ആത്മവിശ്വാസത്തിനും എന്നിൽ അർപ്പിച്ച വിശ്വാസത്തിനും ഞാൻ എപ്പോഴും നന്ദി പറയുന്നു. നന്ദി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വാഹനനിർമാണത്തിന്റെയും ഉപയോഗത്തിന്റെയും വ്യവസ്ഥാപിതസങ്കല്പങ്ങളെ മാറ്റിമറിക്കുന്ന വമ്പൻ കമ്പനിയാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലോൺ മസ്കിന്റെ ടെസ്ല ഇലക്ട്രിക് വെഹിക്കിൾ വിഭാഗം. മസ്കിന്റെ ടെസ്ല അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അതിവേഗം സജ്ജീകരിക്കുന്നതിന്റെയും കമ്പനിയുടെ പുതിയ ലീഡർഷിപ്പ് ടീം രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് ചിത്ര തോമസിന്റെ നിയമനം. ഏതൊരു എച്ച്ആർ പ്രൊഫെഷണലിന്റെയും സ്വപ്നമാണ് ഇലോൺ മസ്കിന്റെ കമ്പനിയുടെ ഭാഗമാവുകയെന്നത്. അതും കമ്പനിയുടെ ഇന്ത്യയിലെ ആദ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയെന്നത്.
റിലയൻസ് റീട്ടെയിലിൽ കമ്പനിയുടെ ഇ-കൊമേഴ്സ് സംരംഭമായ അജിയോ.കോമിന്റെ വൈസ് പ്രസിഡന്റും എച്ച്ആർ മേധാവിയുമായി ആറു വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് ചിത്ര തോമസ് ടെസ്ലയിൽ ചേരുന്നത്.റിലയൻസ് റീട്ടെയിലിൽ ചേരുന്നതിന് മുമ്പ് ചിത്ര തോമസ് വാൾമാർട്ട് ഇന്ത്യയിലും എച്ച് പിയിലും പ്രവർത്തിച്ചു.
മാർ അഗസ്തിനോസ് കോളേജിലെ ബിരുദപഠനത്തിനു ശേഷം ചെന്നൈ ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ നിന്നും ബിരുദാനന്തരബിരുദം നേടിയ ചിത്ര തോമസ് ഇപ്പോൾ ടെസ്ലയുടെ ഇന്ത്യയിലെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നവരിൽ ഒരാളാണ്.
ചിത്രയുടെ ഈ നേട്ടം രാമപുരം മാർ അഗസ്തിനോസ് കോളേജിന്റെയും കൂടെ നേട്ടമാണ്. ഒരു കലാലയത്തിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാന സൂചിക അവിടുന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ നേട്ടങ്ങളാണ്.വളരെ എളിയ രീതിയിൽ സ്വാശ്രയ മേഖലയിൽ പ്രവർത്തനമാരംഭിച്ച് കേരളത്തിന്റെ അക്കാഡമിക് മേഖലയിൽ പ്രവർത്തനമികവ് കൊണ്ടും കർമ്മമേഖലയിലെ വിജയം കൊണ്ടും ഒരു തനതായ സ്ഥാനം നേടിയെടുത്ത് വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ രാമപുരത്തിന്റെ തിലകക്കുറിയായി മാറിക്കഴിഞ്ഞു ഈ സരസ്വതി ക്ഷേത്രം.
നമ്മുടെ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികളൊക്കെ ജീവിതത്തിന്റെ നാനാതുറകളിലും കർമ്മമേഖലകളിലും മുന്നേറുന്നതു കോളജിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷങ്ങളാണ്. ചിത്രയുടെ ഈ വിജയത്തിൽ കോളേജും അധ്യാപകരും മാനേജ്മെന്റും പങ്കു ചേരുന്നു. പുതിയ വെല്ലുവിളികൾ ധൈര്യപൂർവ്വം ഏറ്റെടുത്ത് പുതിയ കർമ്മമേഖലയിൽ മുന്നേറാനും മഹത്തായ വിജയങ്ങളുണ്ടാകാനും സാധിക്കട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുകയും, എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു.
Also Read » റോഡിലെ മരണപ്പായിച്ചിലിന് തടയിടാൻ മോട്ടോർ വാഹന വകുപ്പിന്റെ "ഓപ്പറേഷൻ റേസ് "
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.