രാമപുരം: കഠിനാധ്വാനംകൊണ്ട് പടിപടിയായി മുന്നേറി വിജയക്കൊടി പാറിച്ച മാതൃക കര്‍ഷകനാണ് സണ്ണി നടയ്ക്കുപുറം. 10 വര്‍ഷം മുന്‍പ് ഒരു പശുവില്‍ നിന്നും ആരംഭിച്ച ക്ഷീരകൃഷി ഇന്ന് 18 പശുക്കളില്‍ എത്തിനില്‍ക്കുകയാണ്.
വെളുപ്പിന് 1 മണിക്ക് തുടങ്ങുന്ന സണ്ണിയുടെയും കുടുംബത്തിന്റെയും അധ്വാനം രാത്രിവരെ നീളുന്നതാണ്. 1 മണിക്ക് പശുവിനെ കറക്കുവാന്‍ ആരംഭിച്ചാല്‍ മാത്രമേ 6 മണിക്ക് മുന്‍പ് പാല് സൊസൈറ്റിയില്‍ എത്തിക്കുവാന്‍ സാധിക്കുകയൊള്ളു. മെഷീന് ഉപയോഗിക്കാതെ 18 പശുക്കളെയും കൈകൊണ്ട് തന്നെയാണ് കറക്കുന്നത്.
കാലിത്തീറ്റയുടെ വിലവര്‍ദ്ധനവും പാലിന് ലഭിക്കുന്ന കുറഞ്ഞ വിലയും മൂലം അധ്വാനത്തിനും കഷ്ടപ്പാടിനും അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കാലിത്തീറ്റയ്ക്ക് ഒരു ചാക്കിന് 1600 രൂപയാണ് വില. ഒരു പശുവിന് ദിവസം പുല്ലിന് പുറമെ 8 കിലോയോളം കാലിത്തീറ്റ കൊടുക്കണം. പശുവിന്റെ തീറ്റയ്ക്ക് ആവശ്യമുള്ള പുല്ല് സ്വന്തമായാണ് കൃഷിചെയ്യുന്നത്. ധാരാളം വെള്ളം ആവശ്യമായതിനാല്‍ വീടിനോട് ചേര്‍ന്ന് വലിയ കുളം നിര്‍മ്മിച്ചിട്ടുണ്ട്.
പാലിന് സൊസൈറ്റിയില്‍ നിന്നും ഗുണനിലവാരം അനുസരിച്ച് ലിറ്ററിന് പരമാവധി 38 രൂപ വരെയാണ് ലഭിക്കുന്നത്. ഒരു ദിവസം 4600 രൂപയോളം കാലിത്തീറ്റയ്ക്ക് മാത്രമായി വേണം. ദിവസം 120 മുതല്‍ 150 ലിറ്ററോളം പാല് ലഭിക്കും. ഇതുകൂടാതെ പശുവിന് ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ചികിത്സയ്ക്കായി നല്ലൊരു ശതമാനം പണം കണ്ടെത്തണം. ഇതു മൂലം ക്ഷീരകര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. കാലാവസ്ഥാ വ്യതിയാനം മൂലവും മറ്റ് കാരണങ്ങള്‍ കൊണ്ടും പാലിന്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് പാലിന്റെ വില 24 രൂപ വരെ കുറയാറുണ്ട്. എന്നാല്‍ സൊസൈറ്റികളും മറ്റും ഉപഭോക്താക്കള്‍ക്ക് പാല് വില്‍ക്കുന്നത് ലിറ്ററിന് 48 രൂപയ്ക്കാണ്. എന്നും നഷ്ടം കര്ഷകന് മാത്രമായതിനാല്‍ ക്ഷീരമേഖലയില്‍ നിന്നും കര്‍ഷകര്‍ പിന്‍വലിയുകയാണ്.
പശുവിനോടും ക്ഷീരകൃഷിയോടുമുള്ള താല്പര്യംകൊണ്ട് മാത്രമാണ് ഈ മേഖലയില്‍ നഷ്ടം സഹിച്ചും തുടരുന്നതെന്ന് സണ്ണി പറഞ്ഞു. ഭാര്യ ഷൈനി, മക്കള്‍ സോണിയ, സോനു, മാതാവ് വേറോനിക്ക എന്നിവരും ക്ഷീരകൃഷിയില്‍ സജീവമാണ്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.