''സന്ധ്യേ.... കണ്ണീരിതെന്തേ സന്ധ്യേ... സ്നേഹമയീ കേഴുകയാണോ നീയും......."
പാലാ മരിയാസദനം കലാസമിതിയുടെ ഗാനമേളകളില്‍ ഇനി ഈ സൂപ്പര്‍ഹിറ്റ് ചലച്ചിത്രഗാനം ഉണ്ടാകില്ല. വേദിയിൽ ഈ പാട്ട് എന്നും പാടിയിരുന്ന റോസിലിയുടെ മിഴിയടഞ്ഞു; താളവും ശ്രുതിയും നിലച്ചു.
രണ്ട് ദിവസം മുമ്പ് ഹൃദയതാളം ശ്രുതിതാഴ്ത്തിയപ്പോള് അവശയായി വീണ റോസിലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ മരിയസദനിലെ അഞ്ഞൂറോളം മക്കള്‍ നിറമിഴികളോടെ റോസിലിക്ക് അന്ത്യയാത്രയേകി.
''ഞങ്ങളുടെ ഗാനമേള ട്രൂപ്പിലെ ഏറ്റവും പ്രധാന ഗായികയായിരുന്നു റോസിലി. ജാനകിയുടെ അതേ ശബ്ദ ഭാവഹാവാദികളിലൂടെ റോസിലി, സന്ധ്യേ... കണ്ണീരിതെന്തേ സന്ധ്യേ... എന്ന ഗാനം പാടുമ്പോള്‍ കേള്‍ക്കുന്നവരുടെയെല്ലാം കണ്ണു നിറഞ്ഞിരുന്നു. റോസിലി യാത്രയായതോടെ ഞങ്ങളുടെ ഗാനമേള ട്രൂപ്പില്‍ ഇനി ഈ പാട്ട് പാടേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് '' -മരിയ സദന് ഡയറക്ടര്‍ സന്തോഷ് "കേരള കൗമുദി "യോട് പറഞ്ഞു.
മികച്ച ഗായിക എന്ന നിലയിലും ഒട്ടേറ നാടകങ്ങളിലും ടെലിഫിലിമുകളും വേഷമിട്ട അഭിനേത്രി എന്ന നിലയിലും റോസിലി മരിയ സദനിലെ മിന്നും താരമായിരുന്നു.
കിഴക്കന്‍മലയോര ഗ്രാമത്തില്‍ നിന്ന് 24 വര്‍ഷം മുമ്പാണ് മനസ്സിന്റെ താളം തെറ്റിയ റോസിലി മരിയ സദനിലെത്തുന്നത്. അവിടെയെത്തുന്നതിന് മുമ്പ് ഒരു ഡസനോളം തവണ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടൊരു പൂര്‍വ്വചരിത്രവും ഈ യുവതിക്കുണ്ടായിരുന്നു. ബാംഗ്ലൂരില്‍ നഴ്സിംഗ് പഠനത്തിനിടെയാണ് റോസിലിയുടെ മനസ്സില്‍ അപതാളത്തിൻ്റെ തുടികൊട്ടലുയർന്നത്.
മരിയസദനിലെത്തിയശേഷം പാട്ടുകളിലും നാടകങ്ങളിലും സജീവമായതോടെ ''ഇനി എനിക്ക് മരിക്കേണ്ട'' എന്നായി റോസിലി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മരിയാസദന് കലാസമിതിയുടെ ഗാനമേളയിലെ പ്രമുഖ ഗായികയായിരുന്നു റോസിലി. പഴയകാല സിനിമകളിലെ പത്തോളം അതിപ്രശസ്തമായ ഗാനങ്ങള്‍ മനോഹരമായി റോസിലി ഗാനമേളകളില്‍ ആലപിച്ചു പോന്നു.
ഇതോടൊപ്പം മരിയസദനിന്റെ ഒരു ആല്‍ബത്തിലും പാടി. ''സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥങ്ങളില്ലാതെ പോയി... മനസ്സില്‍ നിറയെ ഓര്‍മ്മകളായി...'' എന്ന റോസിലിയുടെ പാട്ട് ഏറെ ശ്രദ്ധേയമായിരുന്നു.
മാനസിക രോഗം ഏറെക്കുറെ ഭേദമായിരുന്നെങ്കിലും കടുത്ത പ്രമേഹം റോസിലിയെ വല്ലാതെ ബുദ്ധിമുട്ടിച്ചു. രണ്ടുദിവസം മുമ്പ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.